ന്യൂഡല്‍ഹി:  ക്രിക്കറ്റിലെ ബാറ്റിങ് റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്ത് മുന്നേറുന്ന കോലിയുടെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളിലൊന്ന് ഗൗതം ഗംഭീറിന്റെ സമ്മാനമായിരുന്നു എന്ന കാര്യം എത്ര പേര്‍ക്കറിയാം. 

ചൊവ്വാഴ്ചയാണ് ക്രിക്കറ്റില്‍നിന്ന് പൂര്‍ണമായും വിരമിക്കുന്നതായി ഗംഭീര്‍ വ്യക്തമാക്കിയത്. കോലി ഇന്ന് ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായി നില്‍ക്കുന്ന സമയത്തു തന്നെയാണ് ഒരു തിരിച്ചുവരവിന് ശ്രമിച്ച് പരാജയപ്പെട്ട് ഗംഭീറിന്റെ വിടപറച്ചില്‍.

ഗംഭീര്‍, കോലി എന്നീ പേരുകള്‍ ഒന്നിച്ച് കേള്‍ക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് പെട്ടെന്ന് ഓര്‍മ്മ വരുന്നത് ഐ.പി.എല്ലിനിടെയുണ്ടായ ഇരുവരുടെയും ഏട്ടുമുട്ടലാകും. എന്നാല്‍ അതിനു മുന്‍പ് കളിക്കളത്തിലെ ഗംഭീറിന്റെ സ്‌നേഹം അനുഭവിച്ചിട്ടുള്ളയാളാണ് കോലി. 

when gautam gambhir gave his man of the match trophy to young virat kohli

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സായിരുന്നു വേദി. 2009 ഡിസംബര്‍ 24-ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരം. 316 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് സച്ചിനെയും സെവാഗിനെയും പെട്ടെന്ന് നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗംഭീര്‍-കോലി സഖ്യം 224 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗംഭീര്‍ 150 റണ്‍സ് നേടി പുറത്താകാതെ നിന്നു. കോലി തന്റെ ആദ്യ ഏകദിന സെഞ്ചുറി (107) നേടിയത് ഈ മത്സരത്തിലായിരുന്നു. ഇരുവരുടെയും ബാറ്റിങ് മികവില്‍ ഇന്ത്യ 48.1 ഓവറില്‍ വിജയത്തിലെത്തി. 

മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ഗംഭീറായിരുന്നു. എന്നാല്‍ പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ ഈ പുരസ്‌കാരം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പകരം തന്റെ ആദ്യ സെഞ്ചുറി നേടിയ കോലിക്ക് പുരസ്‌കാരം നല്‍കാന്‍ ഗംഭീര്‍ ആവശ്യപ്പെടുകയായിരുന്നു. വിരാട് ബാറ്റു ചെയ്ത രീതി കാരണം തനിക്ക് സമ്മര്‍ദമില്ലാതെ കളിക്കാനായെന്നായിരുന്നു അന്ന് ഗംഭീര്‍ പറഞ്ഞത്.

Content Highlights: when gautam gambhir gave his man of the match trophy to young virat kohli