മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുമായി എപ്പോഴും ആരാധകരും ക്രിക്കറ്റ് പണ്ഡിതരും താരതമ്യം ചെയ്യുന്ന താരമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. സച്ചിന്റെ റെക്കോഡുകൾ കോലിക്ക് തകർക്കാനാകുമോ എന്ന ചോദ്യവും ആരാധകരുടെ ചർച്ചകളിൽ എപ്പോഴും ഇടം പിടിക്കാറുണ്ട്. ഇരുപതുകാരൻ പൃഥ്വി ഷാ ഇന്ത്യൻ ടീമിലെത്തിയപ്പോഴും അടുത്ത സച്ചിനെന്ന് ക്രിക്കറ്റ് ആരാധകർ വിശേഷിപ്പിച്ചു. എന്നാൽ ഇതിനെല്ലാം മുമ്പേ ഒരു താരത്തിന്റെ കളി കണ്ട് സച്ചിനാണെന്ന് തെറ്റിദ്ധരിച്ച ഒരു കാലമുണ്ടായിരുന്നു. ഇതു വെറും താരതമ്യമായിരുന്നില്ല, ആ താരം ഗ്രൗണ്ടിൽ കളിക്കുന്നത് കണ്ട് സച്ചിനാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.

ഇന്ത്യൻ താരം വീരേന്ദർ സെവാഗാണ് ആ താരം. സെവാഗിന്റെ കളി കണ്ട് അതു സച്ചിനാണെന്ന് പാകിസ്താന്റെ മുൻ ക്യാപ്റ്റൻ റഷീദ് ലത്തീഫ് തെറ്റിദ്ധരിക്കുകയായിരുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒരു ഏകദിന മത്സരത്തിനിടെ ആയിരുന്നു ഇത്. പാകിസ്താന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്ന റഷീദ് ലതീഫ് ഈ മത്സരം ടിവിയിൽ കണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് സെവാഗിന്റെ ബാറ്റിങ് സ്റ്റൈലും പാഡും കളത്തിലെ പെരുമാറ്റവും കണ്ട് റഷീദ് അത് സച്ചിനാണെന്ന് തെറ്റിദ്ധരിച്ചു.

'ആ മത്സരത്തിൽ സച്ചിൻ കളിച്ചിരുന്നില്ല. പക്ഷേ ടിവിയിൽ സെവാഗിനെ കണ്ടപ്പോൾ ഇതാരാണ് സച്ചിനെപ്പോലെ ബാറ്റ് ചെയ്യുന്നത് എന്നാണ് ഞാൻ ആലോചിച്ചത്.' റഷീദ് പറയുന്നു. പാകിസ്താനായി 37 ടെസ്റ്റുകളും 166 ഏകദിനങ്ങളും കളിച്ച താരമാണ് റഷീദ്. 1999-ൽ പാകിസ്താനെതിരായ ഏകദിനത്തിലായിരുന്നു സെവാഗിന്റെ ഇന്ത്യൻ ജഴ്സിയിലെ അരങ്ങേറ്റം.

Content Highlights: When Former Pakistan captain mistook Sehwag as Tendulkar