മുംബൈ: ഇന്ത്യയിലെ കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരെ നിരാശയിലും സങ്കടത്തിലുമാഴ്ത്തിയ സംഭവമായിരുന്നു സച്ചിന്റെ വിടവാങ്ങൽ. ഈ ആരാധകർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രിക്കറ്റ് താരങ്ങളും സച്ചിന്റെ അവസാന മത്സരം സങ്കടത്തോടെയാണ് വീക്ഷിച്ചത്.

2013 നവംബറിൽ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ തന്റെ 200-ാം ടെസ്റ്റ് മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരേ സച്ചിൻ അവസാനമായി പാഡണിഞ്ഞു. മത്സരത്തിനുശേഷം സച്ചിൻ തന്റെ വിടവാങ്ങൽ പ്രസംഗം നടത്തി. കണ്ണീരു നിറഞ്ഞ കണ്ണുകളുമായി ആരാധകർ അതു കേട്ടിരുന്നു.

ആരാധകർ മാത്രമല്ല, വെസ്റ്റിൻഡീസ് താരങ്ങളും ആ നിമിഷം സങ്കടത്തിലായിരുന്നു. അന്ന് വിൻഡീസ് ഓൾറൗണ്ടർ കിർക് എഡ്വാർഡ്സും ഓപ്പണർ ക്രിസ് ഗെയ്ലും കണ്ണീരണിഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എഡ്വാർഡ്സ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'സച്ചിന്റെ 200-ാം ടെസ്റ്റിന്റെ അന്ന് ഞാനും ആ ഗ്രൗണ്ടിലുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് അതു വളരെ വൈകാരികമായ നിമിഷമായിരുന്നു. ഞാൻ കരയുകയായിരുന്നു. എന്റെ അടുത്തുനിന്ന ക്രിസ് ഗെയ്ലും ഇതേ അവസ്ഥയിലായിരുന്നു. കണ്ണീര് പുറത്തേക്കുവരാതിരിക്കാൻ ഞങ്ങൾ ഒരുപാട് ശ്രമിച്ചു. ക്രിക്കറ്റിൽ ഇനിയൊരിക്കലും സച്ചിൻ ഇല്ല എന്ന സത്യം അംഗീകരിക്കാൻ ഞങ്ങൾ കഷ്ടപ്പെട്ടു.' ക്രിക്ക്ട്രാക്കർക്ക് നൽക്കിയ അഭിമുഖത്തിൽ എഡ്വാർഡ്സ് പറയുന്നു.

content highlights: When Chris Gayle and Kirk Edwards held back tears in Sachin Tendulkars last Test