ന്യൂഡല്‍ഹി: പേരും പെരുമയുമുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകുക എന്നത് പല താരങ്ങളുടെയും സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു. ഇക്കാലത്തിനിടയ്ക്ക് സുനില്‍ ഗാവസ്‌ക്കര്‍, കപില്‍ ദേവ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, എം.എസ് ധോനി, വിരാട് കോലി തുടങ്ങിയ വമ്പന്‍ പേരുകാര്‍ അലങ്കരിച്ച പദവിയായതിനാല്‍ തന്നെ ആ സ്ഥാനത്തെത്തുന്നത് അഭിമാനകരമായ കാര്യം കൂടിയാണ്.

ഈ ഭാഗ്യം ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയെ തേടിയെത്തുന്നത് 2017-ലാണ്. അതും ഓസീസിനെതിരേ. പരമ്പരയിലെ മൂന്നാം ടെസ്റ്റിനിടെ തോളിന് പരിക്കേറ്റ വിരാട് കോലിക്ക് കളിക്കാന്‍ സാധിക്കാതിരുന്നതോടെയാണ് വൈസ് ക്യാപ്റ്റനായിരുന്ന രഹാനെ ടീമിനെ നയിച്ചത്. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ദീപ് ദാസ്ഗുപ്തയുമായുള്ള ചാറ്റ് ഷോയ്ക്കിടെ അന്നത്തെ ഓര്‍മകള്‍ രഹാനെ പങ്കുവെച്ചു.

2017-ല്‍ ഓസ്‌ട്രേലിയക്കെതിരേ ധര്‍മശാലയില്‍ നടന്ന നിര്‍ണായകമായ നാലാം ടെസ്റ്റിലാണ് രഹാനെ ടീമിനെ നയിച്ചത്. കുംബ്ലെയായിരുന്നു അന്ന് പരിശീലകന്‍. പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓസീസ് ജയിച്ചു രണ്ടാം ടെസ്റ്റ് ഇന്ത്യയും. മൂന്നാം ടെസ്റ്റ് സമനിലയിലാകുകയും ചെയ്തു. ഇതോടെ പരമ്പര വിജയികളെ തീരുമാനിക്കാന്‍ നാലാം ടെസ്റ്റ് നിര്‍ണായകമായി മാറി.

''ഇന്ത്യയെ നയിക്കാന്‍ സാധിച്ചത് എന്നെ സംബന്ധിച്ച് ഏറെ പ്രത്യേകതയുള്ള കാര്യമാണ്. പ്രത്യേകിച്ചും നിര്‍ണായകമായിരുന്ന ആ ടെസ്റ്റില്‍. ടീമിനെ നയിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതിയതേയില്ല. വിരാടിന്റെ ഫിറ്റ്‌നസ് പരിശോധനകള്‍ നടക്കുന്നതിനാല്‍ ടീമിനെ നയിക്കേണ്ടിവരുമോ എന്നതിനെ പറ്റി മത്സരത്തിന്റെ തലേന്ന് അറിയാക്കാമെന്നായിരുന്നു എന്നോട് പറഞ്ഞിരുന്നത്. അതിനാല്‍ അടുത്ത മത്സരത്തില്‍ ഞാന്‍ ക്യാപ്റ്റനാകുമോ എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ പിന്നീട് തനിക്ക് കളിക്കാന്‍ സാധിക്കില്ലെന്നും നീയാണ് ടീമിനെ നയിക്കാന്‍ പോകുന്നതെന്നും കോലി പറഞ്ഞു. അനില്‍ ഭായിയായിരുന്നു (കുംബ്ലെ) അന്ന് കോച്ച്. വിരാടിന് കളിക്കാന്‍ സാധിക്കില്ലെന്നും നീ ടീമിനെ നയിക്കുമെന്നും അദ്ദേഹവും എന്നോട് പറഞ്ഞു.'' - രഹാനെ പറഞ്ഞു.

മത്സരത്തില്‍ രഹാനെയുടെ കീഴില്‍ വിജയം നേടിയ ഇന്ത്യ 2-1 ന് പരമ്പരയും സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ ഓസീസിനെ 300 റണ്‍സിന് പുറത്താക്കിയ ഇന്ത്യ മറുപടിയായി 332 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ 137 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടി. 106 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ എളുപ്പം മറികടക്കുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ രഹാനെ 46 റണ്‍സെടുക്കുകയും ചെയ്തിരുന്നു.

Content Highlights: When Ajinkya Rahane led India to Test win over Australia in 2017