ലണ്ടൻ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിനത്തിനിടെ രോഹിത് ശർമയും വിരാട് കോലിയും ചേർന്ന കൂട്ടുകെട്ട് പൊളിക്കാൻ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് തന്നെ സമീപിച്ചിരുന്നതായി അമ്പയർ മൈക്കൽ ഗൗഫിന്റെ വെളിപ്പെടുത്തൽ. വിസ്ഡൻ ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിലാണ് ഇംഗ്ലീഷ് അമ്പയർ ഇക്കാര്യം തുറന്നുപറഞ്ഞത്.

'ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന ഒരു മത്സരം എനിക്കോർമയുണ്ട്. അന്ന് കോലിയും രോഹിതും വലിയ കൂട്ടുകെട്ടിലേക്ക് നീങ്ങുകയാണ്. സ്ക്വയർ ലെഗ്ഗിൽ നിൽക്കുകയായിരുന്ന എന്റെ തൊട്ടടുത്താണ് ഫിഞ്ച് ഫീൽഡ് ചെയ്തിരുന്നത്. ഈ രണ്ട് ഇതിഹാസതാരങ്ങളുടെ ബാറ്റിങ് അവിശ്വസനീയതയോട് കൂടി മാത്രമേ വീക്ഷിക്കാനാകൂ എന്ന് ഫിഞ്ച് എന്നോട് പറഞ്ഞു. അടുത്തതായി ഇവർക്കെതിരേ എങ്ങനെ പന്ത് എറിയണം എന്നായി ഫിഞ്ചിന്റെ ചോദ്യം. ഞാൻ അദ്ദേഹത്തെ നോക്കിയിട്ട് പറഞ്ഞു എനിക്ക് ഇവിടെ ആവശ്യത്തിലധികം ജോലിയുണ്ട്. താങ്കളുടെ ജോലി താങ്ങൾ തന്നെ നോക്കിയാൽ മതി.' മൈക്കൽ ഗൗഫ് വിശദീകരിക്കുന്നു.

ആ മത്സരം ഏതാണെന്ന് ഗൗഫ് വ്യക്തമാക്കിയില്ല. ഈ വർഷം ജനുവരിയിൽ ബെംഗളൂരുവിൽ നടന്ന മൂന്നാം ഏകദിനം ആകാനാണ് സാധ്യത. അന്ന് 286 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി രണ്ടാം വിക്കറ്റിൽ രോഹിതും കോലിയും 137 റൺസ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. കോലി 89 റൺസും രോഹിത് 119 റൺസും മത്സരത്തിൽ കണ്ടെത്തി. ഇന്ത്യ ഏഴു വിക്കറ്റിന് വിജയിക്കുകയും പരമ്പര 2-1ന് സ്വന്തമാക്കുകയും ചെയ്തു.

2019,2020 വർഷങ്ങളിലെ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരകൾ ഉൾപ്പെടെ 62 രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള ഐ.സി.സി അമ്പയറാണ് മൈക്കൽ ഗൗഫ്.

Content Highlights: When Aaron Finch sought advice from umpire Michael Gough to break Kohli Rohit partnership