Photo Courtesy: ICC
ന്യൂഡല്‍ഹി: കരീബിയന്‍ കരുത്തിനെ മറികടന്ന് ലോര്‍ഡ്സില്‍ ഇന്ത്യ വിശ്വവിജയം നേടിയതിന്റെ 37-ാം വാര്‍ഷികമാണിന്ന്. അതിനു മുമ്പ് നടന്ന രണ്ട് ലോകകപ്പിലുമായി വെറും ഒരു ജയം മാത്രം (അതും ദുര്‍ബലരായ ഈസ്റ്റ് ആഫ്രിക്കയ്ക്കെതിരേ) സ്വന്തമായി ഉണ്ടായിരുന്ന ഒരു ടീം ഇംഗ്ലണ്ട് പോലൊരു സ്ഥലത്ത് ഓസ്ട്രേലിയ, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് തുടങ്ങിയ കരുത്തരെ മറികടന്ന് കിരീടവുമായി മടങ്ങിയിട്ട് മൂന്നര പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ജോയല്‍ ഗാര്‍നറും മാല്‍ക്കം മാര്‍ഷലും ആന്‍ഡി റോബര്‍ട്ട്സും മൈക്കള്‍ ഹോള്‍ഡിങ്ങും ചേര്‍ന്ന് കശാപ്പുചെയ്യുകയായിരുന്നു. 183 റണ്‍സിന് ഇന്ത്യ കൂടാരം കയറുകയും ചെയ്തു. എന്നാല്‍ ബൗളിങ്ങിനെത്തിയപ്പോള്‍ ക്രിക്കറ്റ് ലോകം കണ്ടത് കൂടുതല്‍ കരുത്തരായ ഇന്ത്യന്‍ നിരയെയായിരുന്നു.
ഇന്നിങ്സ് ബ്രേക്കിനിടെ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ വാക്കുകളാണ് തങ്ങളെ പ്രചോദിപ്പിച്ചതെന്ന് അന്നത്തെ ടീം അംഗങ്ങളില്‍ പലരും പില്ക്കാലത്ത് പറഞ്ഞിട്ടുണ്ട്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ അന്നത്തെ ടീം അംഗവും ഫൈനലിലെ ടോപ് സ്കോററുമായ കെ. ശ്രീകാന്ത് അന്ന് കപില്‍ പറഞ്ഞതെന്തെന്ന് വെളിപ്പെടുത്തിയിരുന്നു.
''വിന്‍ഡീസിന്റെ ബാറ്റിങ് നിരവെച്ച് 183 റണ്‍സ് മാത്രം ബോര്‍ഡിലുള്ളപ്പോള്‍ ഞങ്ങള്‍ക്ക് യാതൊരു സാധ്യതയും ഇല്ലെന്നാണ് കരുതിയത്. എന്നാല്‍ കപില്‍ ദേവ് ഒരു കാര്യം പറഞ്ഞു. നമുക്ക് ജയിക്കാനാകുമെന്നൊന്നും അദ്ദേഹം പറഞ്ഞില്ല. എന്നാല്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു - നോക്കൂ, നമ്മള് 183 റണ്‍സിന് പുറത്തായിരിക്കുകയാണ്. എങ്കിലും നമ്മള് ചെറുത്തുനില്ക്കണം, അത്ര എളുപ്പത്തിലൊന്നും മത്സരം വിട്ടുകൊടുക്കരുത്. അടുത്ത മൂന്ന് മണിക്കൂര്‍ നിങ്ങള്‍ പരമാവധി ആസ്വദിച്ചുകളിക്കുക.'' - ശ്രീകാന്ത് പറഞ്ഞു.
കപിലിന്റെ ആ വാക്കുകള്‍ ഫലം കണ്ടു. വര്‍ധിതവീര്യത്തോടെ കളിച്ച ഇന്ത്യ കരുത്തരായ വിന്‍ഡീസ് ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ചു. അവരെ 140 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 43 റണ്‍സിന്റെ ജയവും ലോക കിരീടവും സ്വന്തമാക്കി.
''ഞങ്ങള്‍ക്ക് അത്ര സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നില്ല. കാരണം വെസ്റ്റിന്‍ഡീസായിരുന്നു അന്ന് ഫേവറിറ്റുകള്‍. 1975, 1979 ലോകകപ്പുകളിലെ ജേതാക്കളായിരുന്ന അവര്‍ ലോക ക്രിക്കറ്റിനെ തന്നെ ഭരിക്കുന്നവരായിരുന്നു. അതിനാല്‍ ഫൈനലിലെത്തിയതു തന്നെ ഒരു വലിയ കാര്യമാണെന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്.'' - ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
Content Highlights: What Kapil Dev said after India were bowled out for 183 in 1983 World Cup final
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..