ബെംഗളൂരു: 2014-ലെ ബംഗ്ലാദേശ് പര്യടനത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നി പുറത്തെടുത്ത പ്രകടനം ആരാധകർ മറന്നിട്ടുണ്ടാകില്ല. 4.4 ഓവറിൽ നാലു റൺസ് മാത്രം വഴങ്ങി സ്റ്റുവർട്ട് ബിന്നി വീഴ്ത്തിയത് ആറു വിക്കറ്റാണ്. ഏകദിനത്തിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനം.
മുഷ്ഫിഖുർ റഹീം, മുഹമ്മദ് മിഥുൻ, മഹ്മൂദുള്ള, നാസർ ഹുസൈൻ, മഷ്റഫെ മൊർതാസ, അൽ അമീൻ ഹുസൈൻ എന്നിവരുടെ വിക്കറ്റുകളാണ് ബിന്നിക്ക് ലഭിച്ചത്. ആ മത്സരത്തിൽ 17.4 ഓവറിൽ 58 റൺസിന് ബംഗ്ലാദേശ് ഓൾ ഔട്ടായി. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 105 റൺസാണ് എടുത്തിരുന്നത്. ബംഗ്ലാദേശ് 58 റൺസിന് പുറത്തായതോടെ ഇന്ത്യ 47 റൺസിന്റെ വിജയമാഘോഷിച്ചു.
ബംഗ്ലാദേശ് അനായാസം വിജയിക്കുമെന്ന് കരുതിയ മത്സരമാണ് ബിന്നി ഇന്ത്യക്ക് അനുകൂലമാക്കിയത്. ഒരു ഘട്ടത്തിൽ ബംഗ്ലാദേശ് 11.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 44 റൺസെന്ന നിലയിലായിരുന്നു. അന്നത്തെ ആ ബൗളിങ് പ്രകടനത്തിന്റെ വീഡിയോ കാണുമ്പോഴും ഇപ്പോഴും ആവേശമാണെന്ന് ബിന്നി പറയുന്നു. സ്പോർട്സ്കീഡയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബിന്നി.
'അതിനേക്കാൾ മികച്ചൊരു ദിവസം ജീവിതത്തിലുണ്ടാകുമെന്ന് തോന്നുന്നില്ല. നമുക്ക് റൺസ് സ്കോർ ചെയ്യാൻ കഴിയാതിരുന്ന മത്സരമായിരുന്നു അത്. മഴ കാരണം ഇടയ്ക്ക് മത്സരം നിർത്തിവെക്കേണ്ടിയും വന്നു. അത്ര മോശമായിരുന്നില്ല ധാക്കയിലെ പിച്ച്. എന്നാൽ മഴ പെയ്തത് കാരണം അൽപം നനവുണ്ടായിരുന്നു. അത് എന്റെ ബൗളിങ്ങിന് അനുകൂലമായി. എന്റെ ബൗളിങ്ങിന് യോജിച്ച അതിലും നല്ലൊരു പിച്ച് എനിക്ക് കിട്ടുമായിരുന്നില്ല. ആ മത്സരത്തിൽ സുരേഷ് റെയ്ന ആയിരുന്നു ക്യാപ്റ്റൻ. അദ്ദേഹത്തിന്റെ ഉപദേശവും എന്നെ തുണച്ചു.' ബിന്നി പറയുന്നു.
ബിന്നിക്ക് മുമ്പ് ഏകദിനത്തിൽ ഒരു ഇന്ത്യൻ ബൗളറുടെ മികച്ച റെക്കോഡ് അനിൽ കുംബ്ലെയുടെ പേരിലായിരുന്നു. കുംബ്ലെയുടെ പേരിലുള്ള 21 വർഷത്തെ റെക്കോഡാണ് ബിന്നി പഴങ്കഥയാക്കിയത്. അന്ന് ബംഗ്ലാദേശിനെതിരായ മത്സരശേഷം തന്നെ അഭിനന്ദിച്ച് കുംബ്ലെ മെസ്സേജ് അയച്ചെന്നും ബിന്നി പറയുന്നു.
'കുംബ്ലെയുടെ റെക്കോഡ് തകർക്കാനായി എന്നത് വളരെ സ്പെഷ്യൽ ആയ കാര്യമായിരുന്നു. മത്സരശേഷം സമ്മാനദാനച്ചടങ്ങിന് എത്തിയപ്പോഴാണ് ഞാൻ ഈ റെക്കോഡിന്റെ കാര്യം അറിഞ്ഞത്. എനിക്ക് കുംബ്ലെയിൽ നിന്ന് ഒരു മെസ്സേജ് ലഭിച്ചു. 'അഭിനന്ദങ്ങൾ, കർണാകടയിൽ നിന്ന് തന്നെയുള്ള ഒരാൾ എന്റെ റെക്കോഡ് തകർക്കുന്നത് കാണാൻ കഴിഞ്ഞതിൽ സന്തോഷം.' ഇതായിരുന്നു കുംബ്ലെയുടെ ആ മെസ്സേജ്.
Content Highlights: What Anil Kumble told Stuart Binny following all rounders record breaking spell