സതാംപ്റ്റണ്‍: കോവിഡ് കാലത്തെ ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരേ വെസ്റ്റിന്‍ഡീസിന് ആവേശ വിജയം. ടെസ്റ്റിന്റെ അവസാന ദിവസം 200 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റിന്‍ഡീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി. 154 പന്തില്‍ 95 റണ്‍സെടുത്ത ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡിന്റെ പ്രകടനമാണ് സന്ദര്‍ശകരുടെ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. 27 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയ ശേഷം വിന്‍ഡീസ് തിരിച്ചുവരികയായിരുന്നു. ഇതോടെ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ വെസ്റ്റിന്‍ഡീസ് 1-0ത്തിന് മുന്നിലെത്തി.

നേരത്തെ രണ്ടാമിന്നിങ്സില്‍ ഇംഗ്ലണ്ട് 313 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ആദ്യ ഇന്നിങ്സിലെ 114 റണ്‍സ് ലീഡിന്റെ പിന്‍ബലത്തില്‍ വിന്‍ഡീസിന് മുന്നിലുള്ള വിജയലക്ഷ്യം 200 റണ്‍സായി ചുരുങ്ങി. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഡോം സിബ്ലി, സാക് ക്രാവ്‌ലി എന്നിവരുടെ ബാറ്റിങ് മികവാണ് രണ്ടാമിന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 300 കടത്തിയത്. 42 റണ്‍സോടെ റോറി ബേണ്‍സും 46 റണ്‍സുമായി ബെന്‍ സ്റ്റോക്ക്‌സും ഇരുവര്‍ക്കും പിന്തുണ നല്‍കി. 50 റണ്‍സെടുത്ത സിബ്ലി ഓപ്പണിങ് വിക്കറ്റില്‍ ബേണ്‍സുമായി ചേര്‍ന്ന് 72 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 127 പന്തില്‍ 76 റണ്‍സാണ് ക്രാവ്‌ലി അടിച്ചെടുത്തത്. വാലറ്റത്ത് ജോഫ്ര ആര്‍ച്ചര്‍ നേടിയ 23 റണ്‍സും ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സില്‍ നിര്‍ണായകമായി.

വെസ്റ്റിന്‍ഡീസിനായി ഷാനോണ്‍ ഗ്രബിയേല്‍ രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റെടുത്തു. ഇതോടെ രണ്ടിന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റാണ് ഗബ്രിയേല്‍ വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റെടുത്തിരുന്ന ജേസണ്‍ ഹോള്‍ഡര്‍ രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റ് വീഴ്ത്തി. റോസ്റ്റണ്‍ ചേസും അല്‍സാരി ജോസഫും രണ്ടു വീതം വിക്കറ്റെടുത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ നിറം മങ്ങിയിരുന്നു. ആറു വിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറുടേയും നാല് വിക്കറ്റെടുത്ത ഷാനോണ്‍ ഗബ്രിയേലിന്റേയും ബൗളിങ് മികവില്‍ ഇംഗ്ലണ്ട് 204 റണ്‍സിലൊതുങ്ങി. 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്കിനല്ലാതെ മറ്റാര്‍ക്കും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങാനായില്ല.

മറുപടി ബാറ്റിങ്ങില്‍ വെസ്റ്റിന്‍ഡീസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 65 റണ്‍സെടുത്ത ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റും 61 റണ്‍സ് നേടിയ ഷെയ്ന്‍ ഡോവ്റിച്ചും വെസ്റ്റിന്‍ഡീസിന്റെ സ്‌കോര്‍ 318-ലെത്തിച്ചു. 47 റണ്‍സോടെ റോസ്റ്റണ്‍ ചെയ്സ് ഇരുവര്‍ക്കും പിന്തുണ നല്‍കി. ഇതോടെ വെസ്റ്റിന്‍ഡീസിന് 114 റണ്‍സ് ലീഡും ലഭിച്ചു. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്ക്സ് നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നും ഡോം ബെസ് രണ്ടും വിക്കറ്റെടുത്തു. മാര്‍ക്ക് വുഡിനാണ് ഒരു വിക്കറ്റ്.

Content Highlights: west indies won first test agianst england