മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബൗളിങ് തിരഞ്ഞെടുത്തു. മാഞ്ചസ്റ്ററിലെ മഴമൂലം രണ്ടു മണിക്കൂറോളം വൈകിയാണ് ടോസ് ഇട്ടത്. സതാംപ്റ്റണിൽ നടന്ന ആദ്യ ടെസ്റ്റിൽ വിജയിച്ച വെസ്റ്റിൻഡീസ് പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്.

ആദ്യ ടെസ്റ്റിലുള്ള ടീമിൽ നിന്ന് മൂന്നു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് കളിക്കുന്നത്. മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്സൺ, ജോ ഡെൻലി എന്നിവർ പുറത്തിരിക്കും. പകരം സ്റ്റുവർട്ട് ബ്രോഡ്, സാം കറൻ, ഓലി റോബിൻസൺ എന്നിവർ കളത്തിലിറങ്ങും. അതേസമയം ടോസിന് മണിക്കൂറുകൾക്കു മുമ്പ് ജോഫ്ര ആർച്ചർ പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതോടെയാണ് ആർച്ചറിനെ പുറത്താക്കിയത്. കളിക്കാർക്ക് കോവിഡ് ബാധിക്കാതിരിക്കാൻ എല്ലാ മുൻകരുതലുമെടുത്തു ക്രമീകരിച്ച പ്രത്യേക മേഖലയിൽ നിന്ന് പുറത്തുകടന്നതാണ് ആർച്ചർക്ക് വിനയായത്. സതാംപ്റ്റണിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രിക്കിടെ ആർച്ചർ സ്വന്തം വീട് സന്ദർശിച്ചിരുന്നു. ഇതിന് പിന്നീട് ആർച്ചർ മാപ്പ് പറയുകയും ചെയ്തു.