സെന്റ് ലൂസിയ: ട്വന്റി-20 പരമ്പരയില്‍ ഓസ്‌ട്രേലിയയെ 4-1ന് തകര്‍ത്ത് വെസ്റ്റിന്‍ഡീസ്. അവസാന ട്വന്റി-20യില്‍ 16 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ വിജയം. 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയക്ക് നിശ്ചിത ഓവറില്‍ 183 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 34 പന്തില്‍ 79 റണ്‍സെടുത്ത എവിന്‍ ലൂയിസ് ആണ് കളിയിലെ താരം. വെ്സ്റ്റിന്‍ഡീസിന്റെ ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍ ആണ് പരമ്പരയുടെ താരം.

എവിന്‍ ലൂയിസിനൊപ്പം നിക്കോളാസ് പുരന്‍, ക്രിസ് ഗെയ്ല്‍ എന്നിവരുടെ ബാറ്റിങ്ങാണ് വിന്‍ഡീസിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. പുരന്‍ 18 പന്തില്‍ 31 റണ്‍സും ഗെയ്ല്‍ ഏഴു പന്തില്‍ 21 റണ്‍സും അടിച്ചെടുത്തു.  ഓസീസിനായി ആന്‍ഡ്രു ടൈ മൂന്നു വിക്കറ്റും മിച്ചല്‍ മാര്‍ഷും ആദം സാംപയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

23 പന്തില്‍ 34 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് ഓസ്‌ട്രേലിയയുടെ ടോപ്പ് സ്‌കോറര്‍. മിച്ചല്‍ മാര്‍ഷ് 15 പന്തില്‍ 30 റണ്‍സും മാത്യു വെയ്ഡ് 18 പന്തില്‍ 26 റണ്‍സും നേടി. വെസ്റ്റിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെലും ആന്ദ്രെ റസ്സലും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി.

ട്വന്റി-20 ലോകകപ്പിന് ഒരുങ്ങുന്ന ടീമുകള്‍ക്ക് വെല്ലുവിളിയാണെന്ന് പ്രഖ്യാപിക്കുന്ന പ്രകടനമാണ് വെസ്റ്റിന്‍ഡീസ് ടീം പുറത്തെടുക്കുന്നത്. ഈ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20യിലൂടെ വിന്‍ഡീസ് ലോകകപ്പിനുള്ള ഒരുക്കം ആരംഭിച്ചു. ലങ്കയെ തോല്‍പ്പിച്ച് 3-2ന് പരമ്പര സ്വന്തമാക്കി. എന്നാല്‍ ജൂണില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പര 3-2ന് തോറ്റു. ആ തോല്‍വിയില്‍ നിന്നുള്ള തിരിച്ചുവരവാണ് ഓസ്‌ട്രേലിയക്കെതിരേ കണ്ടത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്ത് തെളിയിച്ചാണ് വെസ്റ്റിന്‍ഡീസിന്റെ മുന്നേറ്റം. 

Content Highlights: West Indies vs Australia T20 Series Cricket