ജമൈക്ക: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ജേഴ്‌സിയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് പിന്തുണയറിയിച്ച് 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' ലോഗോ ധരിച്ച് കളത്തിലിറങ്ങാനൊരുങ്ങി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരങ്ങള്‍. കായിക രംഗത്തെ വര്‍ണവെറിക്കെതിരായ പ്രതിഷേധ സൂചകമായാണ് വിന്‍ഡീസ് ടീമിന്റെ ഈ നീക്കം.

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ലോകമെമ്പാടും വര്‍ണവെറിക്കെതിരായ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

''ഇതിനെ പിന്തുണയ്‌ക്കേണ്ടതും അവബോധം സൃഷ്ടിക്കേണ്ടതും ഞങ്ങളുടെ കടമയാണെന്ന് വിശ്വസിക്കുന്നു.'' - വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു.  കായിക ലോകത്തിനും ക്രിക്കറ്റിനും വെസ്റ്റിന്‍ഡീസ് ടീമിനും ഇതൊരു ചരിത്ര നിമിഷമാണെന്നും ഹോള്‍ഡര്‍ കൂട്ടിച്ചേര്‍ത്തു. 

''ഞങ്ങള്‍ ഇംഗ്ലണ്ടിലേക്കു വന്നത് വിസ്ഡന്‍ ട്രോഫി വീണ്ടെടുക്കാനാണ്. എന്നാല്‍ നീതിക്കും സമത്വത്തിനും വേണ്ടി ലോകത്ത് എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് ഞങ്ങള്‍ ബോധവാന്മാരാണ്. യുവാക്കളുടെ സംഘമെന്ന നിലയ്ക്ക് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണവുമായ ചരിത്രത്തെ കുറിച്ച് ഞങ്ങള്‍ക്കറിയാം. മാത്രവുമല്ല ഈ മഹത്തായ കളിയുടെ വരുംതലമുറയിലെ രക്ഷാധികാരികള്‍ ഞങ്ങളാണെന്നും അറിയാം.'' - ഹോള്‍ഡര്‍ വ്യക്തമാക്കി.

അലിഷ ഹോസന്ന രൂപകല്‍പ്പന ചെയ്ത ലോഗോ ഐ.സി.സി അംഗീകരിച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗിലെ 20 ഫുട്‌ബോള്‍ ക്ലബ്ബുകളും ഇതേ ലോഗോ ധരിച്ചാണ് കളിക്കാനിറങ്ങുന്നത്.

Content Highlights: West Indies team to wear Black Lives Matter logo during England Test series