ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ 862 റേറ്റിങ് പോയിന്റുമായി ഹോൾഡർ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു വെസ്റ്റിൻഡീസ് ബൗളർക്ക് ലഭിക്കുന്ന ഏറ്റവും മികച്ച റേറ്റിങ് പോയിന്റാണിത്. 2000-ത്തിൽ കോട്നി വാൽഷ് 866 റേറ്റിങ് പോയിന്റ് നേടിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ പുറത്തെടുത്ത പ്രകടനമാണ് ഹോൾഡറെ തുണച്ചത്. ആദ്യ ഇന്നിങ്സിൽ ആറു വിക്കറ്റെടുത്ത ഹോൾഡർ മത്സരത്തിലാകെ ഏഴു വിക്കറ്റ് വീഴ്ത്തിയിരുന്നു. 485 റേറ്റിങ് പോയിന്റുമായി ഹോൾഡർ ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ട്. ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്ക്സാണ് രണ്ടാം സ്ഥാനത്ത്. ബാറ്റിങ് റാങ്കിങ്ങിൽ ജോ റൂട്ടിനൊപ്പം ഒമ്പതാം റാങ്കിലുള്ള സ്റ്റോക്സ് ബൗളങ് റാങ്കിങ്ങിൽ 23-ാം സ്ഥാനത്താണ്.

കോവിഡ് വ്യാപനത്തെ തുടർന്ന് മത്സരങ്ങളൊന്നും കളിക്കാതിരുന്ന ഇന്ത്യൻ താരങ്ങൾ പഴയ റാങ്കിങ് നിലനിർത്തി. ബാറ്റിങ്ങിൽ വിരാട് കോലി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് പിന്നിൽ രണ്ടാം സ്ഥാനത്ത് തന്നെയുണ്ട്. ചേതേശ്വർ പൂജാര ഏഴാമതും അജിങ്ക്യ രഹാനെ ഒമ്പതാം സ്ഥാനത്തുമാണ്. ബൗളിങ് റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയാണ് ആദ്യ പത്തിലെ ഏക ഇന്ത്യൻ ബൗളർ.

Content Highlights: West Indies skipper Jason Holder, second spot in ICC Test Ranking