Photo: twitter.com/ICC
ആന്റിഗ്വ: കരുത്തരായ ഇംഗ്ലണ്ടിനെ ആദ്യ ടെസ്റ്റില്‍ സമനിലയില്‍ തളച്ച് വെസ്റ്റ് ഇന്‍ഡീസ്. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് നാലുവിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്ത് പ്രതിരോധിച്ചു. ഇതോടെ മത്സരം സമനിലയില്‍ കലാശിച്ചു.
ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടുകയും രണ്ടാം ഇന്നിങ്സില്‍ പുറത്താവാതെ പിടിച്ചുനില്‍ക്കുകയും ചെയ്ത വിന്‍ഡീസിന്റെ എന്‍ക്രുമ ബോണറാണ് മത്സരത്തിലെ താരം. സ്കോര്‍: ഇംഗ്ലണ്ട് 311, ആറിന് 349 ഡിക്ലയര്‍, വെസ്റ്റ് ഇന്‍ഡീസ് 375, നാലിന് 147
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ 311 റണ്‍സാണ് നേടിയത്. 140 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് തുണയായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 375 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്സ് ലീഡ് നേടി. ബോണറുടെ സെഞ്ചുറിയാണ് വിന്‍ഡീസ് ഇന്നിങ്സിന്റെ ഹൈലൈറ്റ്. 55 റണ്‍സെടുത്ത ബ്രാത്ത്വെയ്റ്റും മികച്ച പ്രകടനം പുറത്തെടുത്തു. ഇതോടെ വിന്‍ഡീസ് ആദ്യ ഇന്നിങ്സില്‍ 64 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി.
എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ മികച്ച രീതിയില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ കളി സമനിലയിലേക്ക് നീങ്ങി. രണ്ടാം ഇന്നിങ്സില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്ത് ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്തു. സെഞ്ചുറി നേടിയ സാക്ക് ക്രോളിയും നായകന് ജോ റൂട്ടുമാണ് ഇംഗ്ലണ്ടിന് തുണയായത്. ക്രോളി 121 റണ്‍സും റൂട്ട് 109 റണ്‍സുമെടുത്തു.
286 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ബാറ്റിങ് തകര്‍ച്ച നേരിട്ടു 67 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട വിന്‍ഡീസിനെ ബോണളും ജേസണ്‍ ഹോള്‍ഡറും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 90 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷയ്ക്ക് തിരിച്ചടി സമ്മാനിച്ചു. ഹോള്‍ഡര്‍ 37 റണ്‍സെടുത്തും ബോണര്‍ 38 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.
Content Highlights: West Indies England first Test ends in tame draw
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..