ചിറ്റഗോങ്: ബംഗ്ലാദേശിനെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അവിശ്വസനീയ ജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. രണ്ടാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയുമായി തിളങ്ങിയ അരങ്ങേറ്റ താരം കൈല്‍ മെയേഴ്സാണ് വിന്‍ഡീസിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. സ്‌കോര്‍: ബംഗ്ലാദേശ് 430, എട്ടിന് 223. വെസ്റ്റിന്‍ഡീസ് 259, ഏഴിന് 395.
395 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് ഒരു ഘട്ടത്തില്‍ മൂന്നിന് 59 റണ്‍സെന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് മെയേഴ്സിന്റെ പ്രകടനം വീന്‍ഡീസിന് കരുത്തായത്. കരിയറിലെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ 210 റണ്‍സുമായി പുറത്താകാതെ നിന്ന കൈല്‍ മെയേഴ്സ് വെസ്റ്റിന്‍ഡീസിന് ത്രില്ലര്‍ വിജയം സമ്മാനിക്കുകയായിരുന്നു. അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിന്റെ 4-ാം ഇന്നിങ്‌സില്‍ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും മെയേഴ്‌സ് സ്വന്തമാക്കി.
310 പന്തില്‍ 20 ഫോറുകളും 7 സിക്‌സും സഹിതമാണ് മെയേഴ്‌സ് 210 റണ്‍സ് അടിച്ചെടുത്തത്. 86 റണ്‍സെടുത്ത മറ്റൊരു അരങ്ങേറ്റ താരം എന്‍ക്രൂമ ബോണര്‍ മെയേഴ്സിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 4-ാം വിക്കറ്റില്‍ നേടിയ 216 റണ്‍സാണ് വിന്‍ഡീസ് വിജയത്തിന് അടിത്തറയിട്ടത്. കളി തീരാന്‍ 15 പന്ത് ബാക്കിനില്‍ക്കേയാണ് വിന്‍ഡീസ് മൂന്നുവിക്കറ്റ് ജയം പിടിച്ചെടുത്തത്.
ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെ ചേസിങ്ങാണിത്. ഏഷ്യന്‍ മണ്ണില്‍ പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവുമുയര്‍ന്ന സ്‌കോറും. ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആറാമനായ കൈല്‍, രണ്ടാം ഇന്നിങ്സില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആറാമന്‍ കൂടിയായി.
Content Highlights: West Indies chase 395 to beat Bangladesh by 3 wickets