Photo: PTI
രാജനുകുന്ദെ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന ബംഗാള്‍ മന്ത്രിയും ക്രിക്കറ്റ് താരവുമായ മനോജ് തിവാരിയുടെ വേറിട്ടൊരു സെഞ്ചുറി ആഘോഷം വൈറലാകുന്നു. മധ്യപ്രദേശിനെതിരായ ബംഗാളിന്റെ സെമി ഫൈനല്‍ മത്സരത്തിനിടെയാണ് തിവാരി താരമായത്.
മത്സരത്തില്‍ സെഞ്ചുറി നേടിയ തിവാരി പോക്കറ്റില്‍ സൂക്ഷിച്ച ഒരു കടലാസ് ഉയര്‍ത്തിക്കാണിച്ചു. ഭാര്യ സുസ്മിതയെയും കുടുംബാംഗങ്ങളെയും പരാമര്‍ശിക്കുന്ന ഒരു കുറിപ്പാണ് കടലാസിലുണ്ടായിരുന്നത്. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്ന് എഴുതിയ കുറിപ്പാണ് തിവാരി ഉയര്‍ത്തിക്കാണിച്ചത്. ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പേരും കടലാസില്‍ എഴുതിയിട്ടുണ്ട്.
മനോജ് തിവാരിയുടെ വേറിട്ട ആഘോഷത്തിന് വലിയ പിന്തുണയാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. ഈ സീസണില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന തിവാരി കരിയറിലെ 29-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണ് മത്സരത്തിലൂടെ നേടിയത്. ഒരു ഘട്ടത്തില്‍ തകര്‍ന്ന ടീമിനെ തിവാരി ഒറ്റയ്ക്ക് തോളിലേറ്റി. 211 പന്തുകളില്‍ നിന്ന് 102 റണ്‍സാണ് താരം നേടിയത്. ആറാം വിക്കറ്റില്‍ ഷഹബാസ് അഹമ്മദിനൊപ്പം 183 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും താരത്തിന് സാധിച്ചു.
ബംഗാള്‍ കായികമന്ത്രിയായ മനോജ് തിവാരി 2021-ലാണ് തൃണമൂല്‍ ഗോണ്ഗ്രസിനുവേണ്ടി മത്സരിച്ച് വിജയിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി 12 ഏകദിനങ്ങളിലും മൂന്ന് ട്വന്റി 20 മത്സരങ്ങളിലും കളിച്ച തിവാരി ഐ.പി.എല്ലിലെ നിറസാന്നിധ്യമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..