ലണ്ടൻ: എം.എസ് ധോനിക്ക് വേണ്ടിയാണെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കാതെ വെടിയേൽക്കാൻ പോലും തയ്യാറാണെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ കെഎൽ രാഹുൽ. ക്യാപ്റ്റൻ എന്നു പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്ന മുഖം ധോനിയുടേതാണെന്നും തന്റെ ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രാധാന്യം ധോനി രാജ്യത്തിന് നൽകുന്നുവെന്നും രാഹുൽ പറയുന്നു.

'ജീവിതത്തിലെ കയറ്റിറക്കങ്ങളിലും വിനയം കൈവിടാതെ നിന്ന ധോനിയുടെ ശൈലിയാണ് ഞാൻ മാതൃകയാക്കുന്നത്. ഒരുപാട് നേട്ടങ്ങൾ ധോനി സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് വേണ്ടിയാണെങ്കിൽ കളിക്കാർ രണ്ടാമതൊന്ന് ആലോചിക്കാതെ വെടിയേൽക്കാൻ പോലും തയ്യാറാണ്'. രാഹുൽ വ്യക്തമാക്കുന്നു.

ധോനി ടെസ്റ്റിൽ നിന്ന് വിരമിച്ച 2014-ലെ മെൽബൺ ടെസ്റ്റിലാണ് കെഎൽ രാഹുൽ അരങ്ങേറിയത്. നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ സംഘത്തിനൊപ്പമാണ് രാഹുൽ. ഓപ്പണർ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റ സാഹചര്യത്തിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ രാഹുൽ പ്ലെയിങ് ഇലവനിൽ ഇടം നേടിയേക്കും.

മൂന്നു ഐസിസി കിരീടങ്ങളും നേടിയ ഏക ഇന്ത്യൻ ക്യാപ്റ്റനാണ് ധോനി. 2007-ലെ ട്വന്റി-20 ലോകകപ്പ്, 2011-ലെ ഏകദിന ലോകകപ്പ്, 2013-ലെ ചാമ്പ്യൻസ് ട്രോഫി എന്നിവയെല്ലാം ധോനിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ നേടി. അതിനുശേഷം ഒരൊറ്റ ഐസിസി കിരീടം പോലും ഇന്ത്യ നേടിയിട്ടില്ല.

Content Highlights: We will take a bullet for MS Dhoni without a second thought says KL Rahul