ഖത്തർ ലോകകപ്പ് വേദിയിൽ സഞ്ജു സാംസണ് പിന്തുണയുമായി ആരാധകൻ | Photo: twitter/ rajasthan royals
ദോഹ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ നിന്ന് ഒഴിവാക്കിയത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താതെ ഫോമിലല്ലാത്ത ഋഷഭ് പന്തിനെ നിലനിര്‍ത്തുന്നതിനെതിരേ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. സഞ്ജുവിനെ പിന്തുണച്ചായിരുന്നു ആരാധകരുടെ ഓരോ പോസ്റ്റുകളും. ഇപ്പോഴിതാ മലയാളി താരത്തിനുള്ള പിന്തുണ ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന ഖത്തറിലെ ഒരു സ്റ്റേഡിയത്തിലും എത്തിയിരിക്കുന്നു.
സഞ്ജുവിന്റെ ചിത്രമുള്ള ബാനറുമായാണ് ആരാധകന് ഫിഫ ലോകകപ്പ് വേദിയിലെത്തിയത്. 'ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഖത്തറില്‍ നിന്ന് ഒരായിരം സ്നേഹത്തോടെ' എന്നാണ് ബാനറില്‍ എഴുതിയിരുന്നത്. സഞ്ജു സാംസണ് എന്ന ഹാഷ്ടാഗും ഇതിനൊപ്പം ഉണ്ടായിരുന്നു. രാജസ്ഥാന് റോയല്‍സിന്റേയും ഇന്ത്യന്‍ ടീമിന്റേയും ജേഴ്സിയിലുള്ള സഞ്ജുവിന്റെ ചിത്രങ്ങളും ബാനറില്‍ കാണാം.
ഈ ചിത്രങ്ങള്‍ ഐപിഎല്‍ ടീം രാജസ്ഥാന് റോയല്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 'ഫുട്ബോള്‍ ലോകകപ്പില്‍ നിങ്ങള്‍ ആരെയാണ് പിന്തുണയ്ക്കുന്നത്? ഞങ്ങള്‍ സഞ്ജുവിനെ'
എന്ന അടിക്കുറിപ്പോടെയാണ് രാജസ്ഥാന് ടീം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
സഞ്ജുവിനെ രണ്ടാം ഏകദിനത്തില്‍ ഉള്‍പ്പെടുത്താതിനെ തുടര്‍ന്ന് മുന്‍താരങ്ങളായ മുരളി കാര്‍ത്തിക്കും ആശിഷ് നെഹ്റയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഓള് റൗണ്ടറായ ദീപക് ഹൂഡയെ
ടീമിലെടുക്കാനാണ് സഞ്ജുവിനെ പുറത്താക്കിയത് എന്നായിരുന്നു ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ വിശദീകരണം. എന്നാല്‍ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് പിച്ച് മൂടാന്‍ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുന്ന സഞ്ജുവിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Content Highlights: we support you sanju samson fans raise banners at qatar world cup 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..