മുംബൈ: ഇന്ത്യയുടെ ഓപ്പണറായ കെ.എല്‍.രാഹുലിനെ പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായ ചേതന്‍ ശര്‍മ. രോഹിത് ശര്‍മയ്ക്കും വിരാട് കോലിയ്ക്കും ശേഷം ഇന്ത്യയെ നയിക്കാന്‍ കെ.എല്‍.രാഹുല്‍ യോഗ്യനാണെന്ന് ചേതന്‍ ശര്‍മ പറഞ്ഞു. 

കോലിയ്ക്കും രോഹിതിനും ശേഷം ഇന്ത്യയെ നയിക്കേണ്ടത് രാഹുലാണെന്നും അതിനുവേണ്ട എല്ലാവിധ പരിശീലനവും നല്‍കുമെന്നും ചേതന്‍ ശര്‍മ പറഞ്ഞു. 

'ഇന്ത്യയുടെ ഭാവി നായകനായി രാഹുലിനെയാണ് പരിഗണിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന താരമാണ് രാഹുല്‍. അദ്ദേഹത്തിന് മികച്ച നേതൃത്വ പാടവമുണ്ട്. രോഹിതിനെപോലെ ഇന്ത്യയെ നയിക്കാന്‍ രാഹുലിന് സാധിക്കും. അതുകൊണ്ടാണ് രോഹിതിന് പരിക്ക് പറ്റിയപ്പോള്‍ രാഹുലിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയുടെ നായകനാക്കിയത്.'- ചേതന്‍ ശര്‍മ പറഞ്ഞു. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ജനുവരി 19 നാണ് ഏകദിന പരമ്പര ആരംഭിക്കുക. ജസ്പ്രീത് ബുംറയാണ് സഹനായകന്‍.

Content Highlights: We are grooming KL Rahul for captaincy, says India Chief Selector Chetan Sharma