സതാംപ്റ്റണ്‍:  ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓണ്‍ഫീല്‍ഡ് അമ്പയറായി ശ്രീലങ്കയുടെ കുമാര ധര്‍മസേന മതിയെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ഇംഗ്ലണ്ടിന്റെ റിച്ചാര്‍ഡ് കെറ്റില്‍ബറോ വേണ്ടെന്നും ധര്‍മസേന മതിയെന്നും ട്വിറ്ററില്‍ മീം പങ്കുവെച്ചാണ് വസീം ജാഫര്‍ വ്യക്തമാക്കിയത്. കെറ്റില്‍ബെറോയ്ക്ക് നേരെ മുഖം തിരിക്കുന്നതും ധര്‍മസേനയ്ക്കു നേരെ വിരല്‍ ചൂണ്ടുന്നതുമായ മീം ആണ് വസീം ട്വീറ്റ് ചെയ്തത്. 

ഐസിസിയുടെ നിര്‍ണായക പോരാട്ടങ്ങളില്‍ കെറ്റില്‍ബെറോ അമ്പയറായിരുന്നപ്പോഴൊന്നും ഇന്ത്യ വിജയിച്ചിരുന്നില്ല. 2014-ല്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 ലോകകപ്പ് ഫൈനല്‍, 2015-ല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് സെമിഫൈനല്‍, 2017-ല്‍ പാകിസ്താനെതിരായ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍, 2019-ലെ ന്യൂസീലന്റിനെതിരായ ഏകദിന ലോകകപ്പ് സെമി ഫൈനല്‍ എന്നീ മത്സരങ്ങളിലെല്ലാം ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍ കെറ്റില്‍ബെറോ ആയിരുന്നു.

അതേസമയം ധര്‍മസേന 2019-ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്റിനെതിരേ ഇംഗ്ലണ്ടിന് നാല് ഓവര്‍ത്രോ റണ്‍സ് നല്‍കിയ അമ്പയറാണ്. ഇത് ന്യൂസീലന്റിന്റെ പരാജയത്തില്‍ നിര്‍ണായകമായി. ധര്‍മസേന അമ്പയറാകുകയാണെങ്കില്‍ ഈ ഓര്‍മ ന്യൂസീലന്റിനെ വേട്ടയാടുമെന്നുമാണ് ആരാധകര്‍ വസീം ജാഫറിന്റെ മീമില്‍ നിന്ന് കണ്ടെത്തുന്നത്. 

നിലവില്‍ ഐപിഎല്‍ ടീമായ പഞ്ചാബ് കിങ്‌സിന്റെ ബാറ്റിങ് പരിശീലകനാണ് വസീം ജാഫര്‍.

Content Highlights: Wasim Jaffer picks his choice of umpire for WTC final