നാഗ്പുര്‍: നാൽപതുകാരനായ  വെറ്ററന്‍ താരം വസീം ജാഫറിനെ ഉള്‍പ്പെടുത്തി വിജയ് ഹസാരെ ട്രോഫിക്കുള്ള വിദര്‍ഭ ടീമിനെ പ്രഖ്യാപിച്ചു. പൊതുവെ യുവതാരങ്ങള്‍ ഇടംപിടിക്കാറുള്ള ഏകദിന ടീമില്‍ ജാഫറിനെ ഉള്‍പ്പെടുത്തിയത് ക്രിക്കറ്റ് ലോകത്തിനു തന്നെ അദ്ഭുതമായിരിക്കുകയാണ്. 

ബെംഗളൂരുവില്‍ സെപ്റ്റംബര്‍ രണ്ടു മുതല്‍ ഒക്ടോബര്‍ എട്ടുവരെയാണ് വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റ് നടക്കുന്നത്. വിദര്‍ഭയെ ഇക്കഴിഞ്ഞ രഞ്ജി ട്രോഫി ജേതാക്കളാക്കുന്നതില്‍ ജാഫറിന്റെ പങ്ക് ഏറെ വലുതായിരുന്നു. 

കഴിഞ്ഞതവണ വിദര്‍ഭയെ രഞ്ജി ട്രോഫി ചാമ്പ്യന്മാരാക്കുന്നതില്‍ ജാഫറിന്റെ സാന്നിധ്യം ഗുണം ചെയ്തിരുന്നു. ഇത്തവണ ഏകദിന ടീമിൽ ജാഫറിനെ ഉള്‍പ്പെടുത്താനുള്ള തീരുമാനം ക്രിക്കറ്റ് ലോകത്തിന് ആശ്ചര്യമായി.

യുവതാരങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു നല്‍കാനും അവരെ സഹായിക്കാനുമാണ് ജാഫറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ വിശദീകരിച്ചു. ടീമില്‍ എല്ലാവരും ചെറുപ്പമാണ്. ജാഫറിന്റെ അനുഭവസമ്പത്ത് അവര്‍ക്കെല്ലാം സഹായമാകും. ഇപ്പോള്‍ തന്നെ അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികളിൽ ഒരാൾ പറഞ്ഞു.

അതേസമയം നാലുവര്‍ഷം മുന്‍പാണ് ജാഫര്‍ അവസാനമായി ഒരു ലിസ്റ്റ് എ മത്സരം കളിക്കുന്നത്. 2015-ല്‍ മുംബൈയില്‍ നിന്ന് വിദര്‍ഭയിലേക്ക് കൂടുമാറിയ ശേഷം ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് ജാഫര്‍ കളിച്ചിട്ടുള്ളത്. എങ്കിലും മുതിര്‍ന്ന താരങ്ങളില്‍ പലരും ജാഫറിന്റെ സാന്നിധ്യത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുമുണ്ട്.

Content Highlights: wasim jaffer 40 included in vidarbha's one day squad