ലാഹോർ: പാകിസ്താൻ ടീമിന്റെ പരിശീലക സ്ഥാനത്തെത്താൻ ഒരാഗ്രഹവും ഇല്ലെന്നും ആ സ്ഥാനം ഏറ്റെടുക്കാൻ താൻ വിഡ്ഢിയല്ലെന്നും മുൻ ക്യാപ്റ്റൻ വസീം അക്രം. തോൽവിയുടെ പേരിൽ ആരാധകരും മറ്റും ടീമംഗങ്ങളോടും പരിശീലകരോടും പെരുമാറുന്നത് എങ്ങനെയൊണെന്ന് താൻ കാണുന്നുണ്ടെന്നും അക്രം വ്യക്തമാക്കി.

'പരിശീലകനാകുമ്പോൾ ഒരു വർഷത്തിൽ 200-250 ദിവസം ടീമിനായി നൽകണം. അത്രയും ദിവസം കുടുംബത്തിൽ നിന്ന് അകന്നു നിൽക്കാൻ കഴിയില്ല. കോച്ചിനോടും കളിക്കാരോടും ആളുകൾ അപമര്യാദയായി പെരുമാറുന്നത് കണ്ടുകൊണ്ടിരിക്കുകയാണ്. പരിശീലകർക്ക് പ്ലാൻ ചെയ്യാൻ മാത്രമാണ് കഴിയുക. ടീം തോറ്റാൽ അതിന്റെ ഉത്തരവാദിത്വം മുഴുവൻ പരിശീലകരുടെ മേൽ വരേണ്ടതില്ല. പരിശീലകനാകുകയാണെങ്കിൽ ഇതെല്ലാം എന്നെ ഭയപ്പെടുത്തും. മോശം പെരുമാറ്റം എനിക്ക് സഹിക്കാനാകില്ല.' അക്തർ പറയുന്നു.

2010 മുതലാണ് അക്രം പരിശീലകവേഷം അണിയുന്നത്. ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിങ് പരിശീലകനായിട്ടായിരുന്നു തുടക്കം. നിലവിൽ പാകിസ്താൻ സൂപ്പർ ലീഗ് ടീം കറാച്ചി കിങ്സിന്റെ ചെയർമാൻ ബൗളിങ് കോച്ചുമാണ് അക്രം.

Content Highlights: Wasim Akram Pakistan Team Cricket Coach