ഇസ്ലാമാബാദ്: എന്തുകൊണ്ട് പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കി മുന്‍ താരം വസീം അക്രം. 

ടീമിന്റെ പ്രകടനം മോശമായാല്‍ ഉണ്ടാകുന്ന ഓണ്‍ലൈന്‍ അധിക്ഷേപങ്ങളും മറ്റും തനിക്ക് സഹിക്കാനാകില്ലെന്നായിരുന്നു അക്രമിന്റെ പ്രതികരണം. തത്കാലം ടീമിന്റെ പരിശീലകനാകാന്‍ താത്പര്യമില്ലെന്നും അക്രം ഒരു ടിവി ഷോയില്‍ പറഞ്ഞു. 

''ആരില്‍ നിന്നും മോശം പെരുമാറ്റമുണ്ടാകുന്നത് എനിക്ക് സഹിക്കാനാകാത്ത കാര്യമാണ്. ഞാന്‍ ഒരു മണ്ടനല്ല. ടീമിന്റെ പ്രകടനം മോശമായാല്‍ എങ്ങനെയാണ് ആളുകള്‍ ടീമിന്റെ പരിശീലകരോട് ഓണ്‍ലൈനില്‍ മോശമായി പെരുമാറുന്നതെന്ന് ഞാന്‍ കാണുന്നതാണ്. എനിക്ക് അത്തരം കാര്യങ്ങള്‍ സഹിക്കാനുള്ള ശേഷിയില്ല.'' - അക്രം വ്യക്തമാക്കി. 

പരിശീലകനും സപ്പോര്‍ട്ട് സ്റ്റാഫിനും ആസൂത്രണം ചെയ്യാനും വഴിപറഞ്ഞുകൊടുക്കാനും പ്രചോദിപ്പിക്കാനും മാത്രമേ സാധിക്കൂ. കളിക്കാരാണ് കളത്തിലിറങ്ങി മികച്ച പ്രകടനം നടത്തേണ്ടതെന്നും അക്രം കൂട്ടിച്ചേര്‍ത്തു.

Content Highlights: Wasim Akram explains why he does not want to coach Pakistan