കറാച്ചി: ജസ്പ്രീത് ബുംറയെപ്പോലൊരു താരം ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് കളിച്ച് പ്രതിഭ നശിപ്പിക്കരുതെന്ന് പാകിസ്താന്റെ ഇതിഹാസ താരം വസീം അക്രം. നിലവിൽ ഏകദിന, ടെസ്റ്റ്, ട്വന്റി-20 ടീമിൽ സ്ഥിരാംഗമായ ബുംറ കൗണ്ടിയിൽ കൂടി കളിക്കുന്നത് വിശ്രമിക്കാനുള്ള സമയംകൂടി നഷ്ടപ്പെടുത്തുമെന്നും ഇതു ബുംറയുടെ ബൗളിങ്ങിനെ ബാധിക്കുമെന്നും അക്രം പറയുന്നു. ആകാശ് ചോപ്രയുടെ യുട്യൂബ് ചാനലിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അക്രം.

ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിൽ ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ് ഏറ്റവും പ്രിയമെന്നും ഒരു ബൗളറെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് താൻ വിലയിരുത്തുകയെന്നും അക്രം പറയുന്നു.

പാകിസ്താൻ ക്രിക്കറ്റിലെത്തിയ കാലത്തെ കുറിച്ചുള്ള ഓർമകളും അക്രം പരിപാടിയിൽ പങ്കുവെച്ചു. 'എന്റെ കഴിവിനെ കുറിച്ച് എനിക്ക് ധാരണയുണ്ടായിരുന്നില്ല. ഇമ്രാൻ ഭായിയും ജാവേദ് ഭായിയും മുദസ്സർ നാസറുമെല്ലാം എന്റെ കഴിവിനെ കുറിച്ച് പറയും. അവർ എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. പിന്നീട് ഞാൻ ഇതിനെ കുറിച്ച് ഇമ്രാൻ ഖാനോട് ചോദിച്ചു. എന്റെ പേസും സ്വിങ്ങും മികച്ചതാണെന്നായിരുന്നു ഇമ്രാന്റെ മറുപടി. ഇതോടെ ഞാൻ ഇതിൽ രണ്ടിലും കൂടുതൽ പരിശീലനം നേടാൻ തുടങ്ങി.' അക്രം പറയുന്നു.

Content Highlights: Wasim Akram Advises Jasprit Bumrah