തിരുവനന്തപുരം: ഒമ്പത് മണിക്കൂറിനിടെ രണ്ട് ട്വന്റി-20 മത്സരം കളിച്ച് കൈയടിനേടിയി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍. നാഗ്പുരില്‍ ഞായറാഴ്ച ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി-20 ക്രിക്കറ്റിലെ ജയത്തിനുപിന്നാലെ ഇന്ത്യന്‍ ബൗളര്‍ വാഷിങ്ടണ്‍ സുന്ദര്‍ നേരേ പറന്നത് തിരുവനന്തപുരത്തേക്കായിരുന്നു. സയ്ദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റില്‍ തമിഴ്നാടിനായി കളിക്കാന്‍.

തിങ്കളാഴ്ച രാവിലെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉത്തര്‍പ്രദേശിനെതിരേ തമിഴ്നാടിന്റെ ആദ്യ ഇലവനില്‍ ഇടംപിടിക്കുകയും ചെയ്തു. ബാറ്റിങ്ങില്‍ അഞ്ച് റണ്‍സെടുത്ത സുന്ദര്‍ രണ്ടോവര്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. 

സുന്ദറിന്റെ വരവ് തമിഴ്നാടിനെ രക്ഷിച്ചതുമില്ല. ഉത്തര്‍പ്രദേശിനോട് അഞ്ച് വിക്കറ്റിന് തോറ്റു. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി-20 യില്‍ സുന്ദര്‍ നാലോവര്‍ എറിഞ്ഞിരുന്നു. 34 റണ്‍സ് വിട്ടുകൊടുത്ത താരത്തിന് വിക്കറ്റൊന്നും കിട്ടിയില്ല.

Content Highlights: Washington Sundar Turns Up For Tamil Nadu 9 Hours After India vs Bangladesh Series