ഡര്‍ബന്‍: ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റിനിടെ താരങ്ങള്‍ തമ്മിലുണ്ടായ വാഗ്വാദം ഏറെ ചര്‍ച്ചയായിരുന്നു. ഓസീസ് വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക്കും തമ്മിലുള്ള തര്‍ക്കമാണ് വിവാദമായത്. ചായയുടെ ഇടവേളയില്‍ ഡ്രസ്സിങ് റൂമിലേക്ക് പോകവേയാണ് ഇരുവരും ഏറ്റുമുട്ടിയത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

എന്നാല്‍ ഡി കോക്കിനോട് വാര്‍ണര്‍ അപമര്യാദയായി പെരുമാറിയതിനുള്ള കാരണം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഭാര്യ കാന്‍ഡിസിനെ കുറിച്ച് ഡി കോക്ക് അസഭ്യം പറഞ്ഞതാണ് വാര്‍ണറെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. വാര്‍ണര്‍ക്കൊപ്പം കാന്‍ഡിസും രണ്ട് കുട്ടികളും ദക്ഷിണാഫ്രിക്കയിലുണ്ട്. ഓസീസ് വെബ്‌സൈറ്റായ ക്രിക്കറ്റ്.കോം.എയു ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ഡി കോക്കുമായി ഉന്തും തള്ളുമായപ്പോള്‍ ഉസ്മാന്‍ ഖ്വാജ ആദ്യം വാര്‍ണറെ പിടിച്ചുമാറ്റുകയായിരുന്നു. എന്നാല്‍ ഡി കോക്കിനെ വീണ്ടും വാര്‍ണര്‍ ആക്രമിക്കാന്‍ തുനിഞ്ഞു. തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് വാര്‍ണറെ പിടിച്ചുവലിച്ചുകൊണ്ടുപോവുകയായിരുന്നു. ഇതിനിടയില്‍ നഥാന്‍ ലിയോണും ഡി കോക്കും തമ്മിലും വാക്കുതര്‍ക്കമുണ്ടായി.

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം പ്രഖ്യാപിച്ചത്. നേരത്തെ മത്സരത്തിന്റെ ആദ്യ സെഷനില്‍ എബി ഡിവില്ലിയേഴ്സ് റണ്ണൗട്ടായപ്പോള്‍ വാര്‍ണര്‍ അമിതമായ ആഘോഷപ്രകടനം നടത്തിയിരുന്നു. ഡിവില്ലിയേഴ്സിനൊപ്പം ക്രീസിലുണ്ടായിരുന്ന ബാറ്റ്സ്മാന്‍ മാര്‍ക്രത്തിനെയും അസഭ്യം പറഞ്ഞാണ് വാര്‍ണര്‍ റണ്ണൗട്ട് ആഘോഷിച്ചത്. സംഭവത്തെ തുടര്‍ന്ന് വാര്‍ണറെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍താരം ഗ്രേം സ്മിത്ത് രംഗത്തെത്തിയിരുന്നു. ചില സമയത്ത് വാര്‍ണര്‍ വിഡ്ഢിയെപ്പോലെയാണെന്നും അവനെ അങ്ങനെ വിഡ്ഢിയാകാന്‍ അനുവദിക്കുന്നതാണ് നല്ലതെന്നുമായിരുന്നു സ്മിത്തിന്റെ പരിഹാസം. 

Content Highlights: Warner restrained after alleged De Kock barb about wife