ലോസാഞ്ചല്‍സ്: സച്ചിന്റെയും ഗാംഗുലിയുടെയും അര്‍ധസെഞ്ച്വറികള്‍ വിഫലമായി. ഓള്‍ സ്റ്റാര്‍സ് ക്രിക്കറ്റ് ലീഗില്‍ സച്ചിന്‍സ് ബ്ലാസ്‌റ്റേഴ്‌സ് ഉയര്‍ത്തിയ 219 റണ്‍സ് വോണ്‍സ് വാരിയേഴ്‌സ് ഒരു പന്ത് ശേഷിക്കേ മറികടന്നു. അവസാന ഓവറിലെ അഞ്ചാം പന്തില്‍ സിക്‌സറടിച്ച് വോണ്‍ തന്നെയാണ് ടീമിനെ വിജയതീരത്തെത്തിച്ചത്. ഇതോടെ പരമ്പര 3-0ന് വോണ്‍സ് വാരിയേഴ്‌സ് തൂത്തുവാരി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബ്ലാസ്‌റ്റേഴ്‌സ് സച്ചിന്‍ (27 പന്തില്‍ 56), ഗാംഗുലി (33 പന്തില്‍ 50) ജയവര്‍ധനെ (18 പന്തില്‍ 41), കാള്‍ ഹൂപ്പര്‍ (22 പന്തില്‍ 33*), സെവാഗ് (15 പന്തില്‍ 27) എന്നിവരുടെ മികവിലാണ് 219 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ആദ്യ പത്തോവറില്‍ 130 റണ്‍സ് അടിച്ചുകൂട്ടിയ ബ്ലാസ്‌റ്റേഴ്‌സിന് പക്ഷേ പിന്നീടുള്ള പത്തോവറില്‍ 89 റണ്‍സേ എടുക്കാനായുള്ളൂ. ഉജ്ജ്വല ഫോമിലുള്ള വാരിയേഴ്‌സ് ബാറ്റിങ് നിരയ്ക്ക് ഈ സ്‌കോര്‍ കാര്യമായ വെല്ലുവിളിയായില്ല.

ജാക്ക് കാലിസ് (23 പന്തില്‍ 43), റിക്കി പോണ്ടിങ് (25 പന്തില്‍ 43*), സംഗക്കാര (21 പന്തില്‍ 42), ആന്‍ഡ്രൂ സൈമണ്ട്‌സ് (19 പന്തില്‍ 31) എന്നിവരുടെ പ്രകടനമാണ് വാരിയേഴ്‌സിന് തുണയായത്. മൈക്കേല്‍ വോന്‍ (0), മാത്യു ഹെയ്ഡന്‍ (12) എന്നിവരാണ് പുറത്തായ മറ്റ് വാരിയേഴ്‌സ് ബാറ്റ്‌സ്മാന്‍മാര്‍. വോണ്‍ ആറു റണ്‍സുമായി പുറത്താകാതെ നിന്നു.

നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഗ്രെയിം സ്വാന് മാത്രമേ ബ്ലാസ്‌റ്റേഴ്‌സ് ബൗളര്‍മാരില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായുള്ളൂ. കട്‌ലി ആംബ്രോസ്, കാള്‍ ഹൂപ്പര്‍, സെവാഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജാക്ക് കാലിസാണ് കളിയിലെ കേമന്‍.