ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്ന കെ.എല്‍.രാഹുല്‍ പുതിയ സീസണില്‍ പുതിയ ടീമിലേക്ക് ചേക്കേറുകയാണ്. താരങ്ങളെ നിലനിര്‍ത്താനുള്ള ദിനം അവസാനിച്ചപ്പോള്‍ പഞ്ചാബ് കിങ്‌സ് രാഹുലിനെ റിലീസ് ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം രാഹുല്‍ പുതിയ ടീമായ ലഖ്‌നൗവിന്റെ നായകനായി സ്ഥാനമേല്‍ക്കും.

രാഹുല്‍ ടീമില്‍ നിന്നും പടിയിറങ്ങുന്നത് സങ്കടകരമായ കാര്യമാണെന്ന് പഞ്ചാബ് കിങ്‌സ് പരിശീലനും മുന്‍ ഇന്ത്യന്‍ താരവുമായ അനില്‍ കുംബ്ലെ പറഞ്ഞു. രാഹുലിനെ നിലനിര്‍ത്താന്‍ ശ്രമിച്ചെന്നും എന്നാല്‍ താരമത് നിരസ്സിച്ചെന്നും കുംബ്ലെ വ്യക്തമാക്കി. 

''പഞ്ചാബ് കിങ്‌സിന്റെ അവിഭാജ്യ ഘടകമാണ് രാഹുല്‍. അദ്ദേഹം കഴിഞ്ഞ നാല് വര്‍ഷമായി പഞ്ചാബിന് വേണ്ടി കളിക്കുന്നു. ഞാന്‍ പരിശീലകനായി സ്ഥാനമേറ്റപ്പോള്‍ തൊട്ട് രാഹുല്‍ ടീമിന്റെ നായകനാണ്. അദ്ദേഹത്തെ നിലനിര്‍ത്താനാണ് ഞാനും ടീമും ആഗ്രഹിച്ചത്. പക്ഷേ അദ്ദേഹം അത് നിരസിച്ചു.''- കുംബ്ലെ പറഞ്ഞു.

മെഗാ ലേലത്തില്‍ രാഹുലുണ്ടെങ്കില്‍ സ്വന്തമാക്കാനുള്ള അവസരമുണ്ടെന്നും അതിനായി പരിശ്രമിക്കുമെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു. മെഗാ ലേലത്തിനുമുന്‍പ് പുതിയ രണ്ട് ടീമുകള്‍ക്ക് നാല് താരങ്ങളെ സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഈ അവസരത്തിലൂടെ രാഹുലിനെ ലഖ്‌നൗ ടീം സ്വന്തമാക്കിയേക്കും.

Content Highlights: Wanted to retain KL Rahul, but he wanted to go back to auction says Kumble