ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍ യുഗത്തിന് കളമൊരുങ്ങുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) തലവനായി വി.വി.എസ് ലക്ഷ്മണ്‍ ചുമതലയേല്‍ക്കാനൊരുങ്ങുന്നതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ മൂവരും വീണ്ടും ഒന്നിക്കുന്നത്. 

എന്‍സിഎ തലവനായിരുന്ന രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായതോടെയാണ് ലക്ഷ്മണ്‍ ആ സ്ഥാനത്തേക്കെത്തുന്നത്. ഇതിനായി ബിസിസിഐ ലക്ഷ്മണെ സമീപിച്ചിട്ടുണ്ട്.

തുടക്കത്തില്‍ വിസമ്മതിച്ചെങ്കിലും പിന്നീട് അദ്ദേഹം സമ്മതം മൂളിയതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. എന്‍സിഎ തലവനായി ലക്ഷ്മണ്‍ തന്നെ വരണമെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെയും സെക്രട്ടറി ജയ് ഷായുടെയും ആഗ്രഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ എയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷമാവും ലക്ഷ്മണ്‍ ചുമതലയേല്‍ക്കുക. ദ്രാവിഡും ലക്ഷ്മണും തമ്മില്‍ നല്ല അടുപ്പമുണ്ട്. ഇത് ടീം ഇന്ത്യയും എന്‍സിഎയും തമ്മില്‍ കൂടുതല്‍ യോജിച്ച് മുന്‍പോട്ട് പോകുന്നതിന് വഴിയൊരുക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.

അതേസമയം ലക്ഷ്മണ്‍ നിലവില്‍ ഐപിഎല്‍ ഫ്രാഞ്ചൈസി സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മെന്ററും ക്രിക്കറ്റ് കമന്റേറ്ററുമാണ്‌.

Content Highlights: vvs laxman to take charge as national cricket academy head