മുംബൈ: കഴിഞ്ഞ വര്‍ഷത്തെ വിസ്ഡന്റെ അഞ്ചു മികച്ച ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ ലോകകപ്പില്‍ അഞ്ചു സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മ ഉള്‍പ്പെടാതെ പോയതിലെ ഞെട്ടല്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍.

കഴിഞ്ഞ ദിവസം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലെ ഒരു പരിപാടിയില്‍ രോഹിത് ശര്‍മയെ കുറിച്ച് സംസാരിക്കുമ്പോഴാണ് ലക്ഷ്മണ്‍ തന്റെ നിരാശ അറിയിച്ചത്.

''അഞ്ച് മികച്ച താരങ്ങളുടെ ആ പട്ടികയില്‍ രോഹിത് ശര്‍മയുടെ പേരില്ലാത്തത് ക്രിക്കറ്റിനെക്കുറിച്ച് അറിയാവുന്നരെയെല്ലാം അദ്ഭുതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തിരിക്കും. ആഷസ് പ്രധാനപ്പെട്ട പരമ്പര തന്നെയാണ്. എന്നാല്‍ അതിനേക്കാള്‍ വലുതാണ് ലോകകപ്പ്. അതില്‍ അഞ്ചു സെഞ്ചുറികള്‍  നേടിയ താരമാണ് രോഹിത്. ഓര്‍ക്കുന്നുണ്ടോ, അതില്‍ ആദ്യ സെഞ്ചുറി സതാംടണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തീര്‍ത്തും പ്രയാസമേറിയ വിക്കറ്റിലായിരുന്നു. മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആര്‍ക്കും തന്നെ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതിരുന്നിടത്ത്. പിന്നീട് പാകിസ്താനെതിരെയും അദ്ദേഹം പ്രധാനപ്പെട്ട ഇന്നിങ്‌സ് കളിച്ചു. വിസ്ഡന്റെ പ്രഖ്യാപനം എന്നെ ആശ്ചര്യപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തു. മറ്റെല്ലാ ക്രിക്കറ്റര്‍മാര്‍ക്കും അങ്ങനെ തന്നെയായിരിക്കും'', ലക്ഷ്മണ്‍ പറഞ്ഞു.

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെയും ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എലീസ പെറിയേയുമാണ് പോയ വര്‍ഷത്തെ ലീഡിങ് ക്രിക്കറ്റര്‍ ഇന്‍ ദ് വേള്‍ഡ് പുരസ്‌കാരത്തിന് വിസ്ഡന്‍ തിരഞ്ഞെടുത്തത്. 2019 ലോകകപ്പിലെയും ആഷസിലെയും പ്രകടനങ്ങളാണ് സ്റ്റോക്‌സിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ഇവര്‍ക്കൊപ്പം പാറ്റ് കമ്മിന്‍സ്, മാര്‍നസ് ലബുഷെയ്ന്‍, ജോഫ്ര ആര്‍ച്ചര്‍, സൈണ്‍ ഹാര്‍മര്‍ എന്നിവരാണ് ക്രിക്കറ്റേഴ്‌സ് ഓഫ് ദി ഇയര്‍ പട്ടികയില്‍ ഇടംനേടിയത്.

Content Highlights: VVS Laxman shocked to not see Rohit in Wisden’s list