ഹൈദരാബാദ്: സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ വിവാദമായതും ചര്‍ച്ചയായതുമായ വിഷയമാണ് പരിശീലക സ്ഥാനത്ത് നിന്നുള്ള കുംബ്ലെയുടെ പടിയിറക്കം. ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായവ്യത്യാസമാണ് കുംബ്ലെയെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചത്. പിന്നീട് കോലിയുടെ ഇഷ്ടപ്രകാരം രവി ശാസ്ത്രി പരിശീലകനായി ചുമതലയേല്‍ക്കുകയും ചെയ്തു.
ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും ക്രിക്കറ്റ് ഉപദേശക സമിതി (സി.എ.സി) അംഗവുമായ വി.വി.എസ് ലക്ഷ്മണ്‍. കുംബ്ലെ പടിയിറിങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് വ്യക്തമാക്കിയ ലക്ഷ്മണ്‍ കോലിയെ പ്രതിരോധിക്കാനും മറന്നില്ല.
കോലി അതിരുവിട്ടെന്ന് തോന്നിയിട്ടില്ല. ഉപദേശക സമിതിയിലെ അംഗങ്ങള്‍ക്കെല്ലാം കുംബ്ലെ തുടരണമെന്നായിരുന്നു ആഗ്രഹം. പക്ഷേ സ്ഥാനമൊഴിയാനായിരുന്നു കുംബ്ലയുടെ തീരുമാനം. അത് കയ്‌പ്പേറിയ ഒരനഭുവമായിരുന്നു. ലക്ഷ്മണ്‍ വ്യക്തമാക്കുന്നു. ഇന്ത്യാ ടുഡേയുടെ സൗത്ത് ഇന്ത്യ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മണ്‍.
കോലിയും കുംബ്ലെയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ കുറിച്ച് ചോദിച്ചപ്പോള്‍ രൂക്ഷമായ ഭാഷയിലാണ് ലക്ഷ്മണ്‍ പ്രതികരിച്ചത്. ക്രിക്കറ്റ് ഉപദേശക സമിതി മാര്യേജ് കൗണ്‍സിലല്ലെന്ന് ഞാന്‍ എപ്പോഴും ആളുകളോട് പറയാറുള്ളതാണ്. ഏറ്റവും മികച്ചവരെ തിരഞ്ഞെടുക്കുകയാണ് ഞങ്ങളുടെ ജോലി. അത് ഭംഗിയായി തന്നെ ചെയ്തു. പക്ഷേ നിര്‍ഭാഗ്യവശാല്‍ കോലിക്കും കുംബ്ലെയ്ക്കും ഒരുമിച്ചു പോകാന്‍ കഴിഞ്ഞില്ല. ലക്ഷ്മണ്‍ വ്യക്തമാക്കി.
Content Highlights: VVS Laxman on Virat Kohli and Anil Kumbe Dispute