മുംബൈ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡ് 66 റണ്‍സിന് തകര്‍ന്നിട്ടും സന്ദര്‍ശകരെ എന്തുകൊണ്ട് ഫോളോഓണ്‍ ചെയ്യിച്ചില്ല എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. ഇതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍താരം വിവിഎസ് ലക്ഷ്മണ്‍. 

'വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും സെഞ്ചുറി നേടിയിട്ട് ഒരുപാട് നാളായി. ബാറ്റ്‌സ്മാന്‍മാര്‍ക്ക് ക്രീസില്‍ കൂടുതല്‍ സമയം നല്‍കണം എന്നതുകൊണ്ടാണ് ന്യൂസീലന്‍ഡിനെ ഇന്ത്യ ഫോളോഓണിന് വിടാതിരുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനം മുന്നില്‍ കണ്ടായിരിക്കണം ഇങ്ങനെ ഒരു തീരുമാനമെടുത്തത്.' ലക്ഷ്മണ്‍ വ്യക്തമാക്കുന്നു. 

എന്നാല്‍ ന്യസീലന്‍ഡ് മുന്‍താരം ഡാനിയല്‍ വെട്ടോറി ലക്ഷ്മണില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കാനായിരിക്കും ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് വെട്ടോറി പറയുന്നു. 'ഫോളോഓണ്‍ ചെയ്യിക്കാന്‍ പല ക്യാപ്റ്റന്‍മാര്‍ക്കും താത്പര്യമുണ്ടാകില്ല. ജോലിഭാരം കുറയ്ക്കുന്നതിന് ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കുക എന്നതാണ് പ്രധാന കാരണം. എന്നാല്‍ ന്യൂസീലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സില്‍ 28.1 ഓവര്‍ മാത്രമാണ് ഇന്ത്യ ബൗള്‍ ചെയ്തത്. ആ സാഹചര്യത്തില്‍ കോലിക്ക് ഫോളോഓണ്‍ ചെയ്യിക്കാമായിരുന്നു. എന്നാല്‍ കോലി അതിന് മുതിര്‍ന്നില്ല. അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.' വെട്ടോറി വ്യക്തമാക്കുന്നു.

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 325 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇന്നിങ്‌സില്‍ 10 വിക്കറ്റും നേടി കിവീസ് സ്പിന്നര്‍ അജാസ് പട്ടേല്‍ ചരിത്രനേട്ടവും സ്വന്തമാക്കി. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ കിവീസ് തകര്‍ന്നു. 62 റണ്‍സിന് ഓള്‍ ഔട്ടായി. ആര്‍ അശ്വിന്‍ നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റ് വീഴ്ത്തി.

Content Highlights: VVS Laxman explains reason why Virat Kohli and Rahul Dravid didn't enforce a follow on