ന്യൂഡല്‍ഹി: തന്നെ തഴഞ്ഞ് രവി ശാസ്ത്രിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാക്കിയ ബി.സി.സി.ഐ.യെ വിമര്‍ശിച്ച് മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് രംഗത്ത്. ബി.സി.സി.ഐയില്‍ വേണ്ട പിടിപാടില്ലാത്തതാണ് പരിശീലകരുടെ തിരഞ്ഞെടുപ്പില്‍ തന്നെ തഴയാന്‍ കാരണമെന്നാണ് ഒരു ടെലിവിഷന്‍ ഷോയില്‍ സെവാഗ് പറഞ്ഞത്. ബി.സി.സി.ഐ.യില്‍ സെറ്റിങ്ങില്ലാതിരുന്നതാണ് കാരണം എന്നാണ് സെവാഗ് ഉപയോഗിച്ച പ്രയോഗം.
രവി ശാസ്ത്രിയും അപേക്ഷിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ പരിശീലകസ്ഥാനത്തേയ്ക്ക് അപേക്ഷിക്കുമായിരുന്നില്ലെന്നും സെവാഗ് പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫി നടക്കുമ്പോള്‍ ഇംഗ്ലണ്ടിലായിരുന്ന ഞാന്‍ എന്തുകൊണ്ടാണ് പരിശീലകസ്ഥാനത്തേയ്ക്ക് അപേക്ഷിക്കാത്തതെന്ന് രവി ശാസ്ത്രിയോട് ചോദിച്ചിരുന്നു. ഒരിക്കല്‍ സംഭവിച്ച തെറ്റ് ഇനിയും ആവര്‍ത്തിക്കില്ലെന്നാണ് ശാസ്ത്രി അന്ന് പറഞ്ഞത്-സെവാഗ് പറഞ്ഞു.
ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്ന കാര്യം ഒരിക്കലും ആലോചിച്ചിരുന്നില്ല. പരിശീലകനാവാന്‍ എന്നെ ഇങ്ങോട്ട് സമീപിക്കുകയാണുണ്ടായത്. ബി.സി.സി.ഐ. സെക്രട്ടറി അമിതാഭ് ചൗധരിയും എം.വി.ശ്രീധറുമാണ് പരിശീലകനാവുന്ന കാര്യം പരിഗണിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടത്. ഇതിനുശേഷമാണ് സമയമെടുത്ത് ആലോചിച്ചശേഷം ഞാന്‍ അപേക്ഷിച്ചത്-സെവാഗ് പറഞ്ഞു.
ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അനില്‍ കുംബ്ലെ രാജിവച്ച ഒഴിവിലേയ്ക്കാണ് സെവാഗും ശാസ്ത്രിയും അടക്കം ആറു പേര്‍ അപേക്ഷിച്ചത്. ഐ.പി.എല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ പരിശീലിപ്പിച്ചതിന്റെ അനുഭവസമ്പത്തുമായാണ് സെവാഗ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ ഒരുങ്ങിയത്. ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, ലാല്‍ചന്ദ് രാജ്പുത് എന്നിവരായിരുന്നു ഇന്ത്യന്‍ പരിശീലകരാവാന്‍ ഒരുങ്ങിയ മറ്റ് മുന്‍താരങ്ങള്‍.