ന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ വീരേന്ദര്‍ സെവാഗിന് ഇന്ന് 43-ാം പിറന്നാള്‍. താരത്തിന് ആശംസകളുമായി നിരവധി ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തി. 

വെടിക്കെട്ട് ബാറ്റിങ്ങിലൂടെ എതിരാളികളുടെ പേടിസ്വപ്‌നമായിരുന്ന സെവാഗ് 1999 ഏപ്രില്‍ ഒന്നിനാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഏകദിനത്തില്‍ പാകിസ്താനെതിരേയായിരുന്നു അരങ്ങേറ്റം. പിന്നീട് 2001-ല്‍ ടെസ്റ്റിലും 2006-ല്‍ ട്വന്റി 20 യിലും അരങ്ങേറി. ഇന്ത്യയ്‌ക്കൊപ്പം രണ്ട് ലോകകപ്പ് കിരീടങ്ങളില്‍ പങ്കാളിയാകാന്‍ സെവാഗിന് സാധിച്ചു. 2007 ട്വന്റി 20 ലോകകപ്പ് നേടിയ ടീമിലും 2011 ലോകകപ്പ് നേടിയ ടീമിലും സെവാഗ് നിര്‍ണായക സാന്നിധ്യമായിരുന്നു. 

104 ടെസ്റ്റുകളില്‍ നിന്ന് 49.34 ശരാശരിയില്‍ 8586 റണ്‍സും 251 ഏകദിനങ്ങളില്‍ നിന്ന് 35.05 ശരാശരിയില്‍ 8273 റണ്‍സും 19 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 21.88 ശരാശരിയില്‍ 394 റണ്‍സും നേടാന്‍ സെവാഗിന് സാധിച്ചു. ഏകദിന-ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് 38 സെഞ്ചുറികളാണ് താരം അടിച്ചെടുത്തത്. 

ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് തവണ 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏക ഇന്ത്യന്‍ താരമാണ് സെവാഗ്. 2004-ല്‍ പാകിസ്താനെതിരെ 309 റണ്‍സെടുത്ത താരം 2008-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 319 റണ്‍സെടുത്തു. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും സെവാഗിന്റെതാണ്. 

ഐ.പി.എല്ലിലും സെവാഗ് കൊടുങ്കാറ്റായി മാറി. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്ക് വേണ്ടി 104 മത്സരങ്ങളില്‍ ബാറ്റുവീശിയ സെവാഗ് 2728 റണ്‍സ് നേടിയിട്ടുണ്ട്. 

Content Highlights: Virender Sehwag turns 43, wishes pour in from cricket fraternity