Photo: PTI
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ട ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് വീരേന്ദര്‍ സെവാഗ്. 1999-ല്‍ മൊഹാലിയില്‍ പാകിസ്താനെതിരേ അരങ്ങേറ്റം കുറിച്ച താരം 251 ഏകദിനങ്ങളില്‍ നിന്ന് 8273 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റിലായാലും ഏകദിനത്തിലായാലും ട്വന്റി 20-യിലായാലും വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട ഈ 44-കാരന്റെ കരിയറില്‍ 38 രാജ്യാന്തര സെഞ്ചുറികളുമുണ്ട്. എന്നാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ പ്രസിദ്ധമായ ഡെസേര്‍ട്ട് സ്റ്റോം ഇന്നിങ്‌സ് അരങ്ങേറിയ 1998-ലെ ഷാര്‍ജ കപ്പില്‍ സെവാഗ് ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം കുറിക്കേണ്ടതായിരുന്നു എന്ന കാര്യം അധികം ആര്‍ക്കും അറിയാത്തതാണ്.
ഷാര്‍ജ കപ്പിനിടെ ഇന്ത്യന്‍ ടീമിലെ ഏതാനും താരങ്ങള്‍ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് പെട്ടെന്ന് ഷാര്‍ജയിലെത്തണമെന്ന് ആവശ്യപ്പെട്ട് സെലക്ടര്‍മാരില്‍ നിന്ന് വിളി വന്നതും പിന്നീട് ആ യാത്ര റദ്ദാക്കേണ്ടി വന്ന കാര്യവുമെല്ലും അടുത്തിടെ വീരു വെളിപ്പെടുത്തി.
''1998-ലെ ഷാര്‍ജ കപ്പിനിടെ ആറോളം ഇന്ത്യന്‍ കളിക്കാര്‍ അസുഖ ബാധിതരായി. അടുത്ത ദിവസം തന്നെ ഫ്‌ളൈറ്റ് പിടിച്ച് ഷാര്‍ജയിലെത്തണമെന്ന് ആവശ്യപ്പെട്ട് എനിക്ക് ഫോണ്‍ വന്നു. ടിക്കറ്റെടുത്ത് ബാഗുകള്‍ എല്ലാം പാക്ക് ചെയ്ത് ഞാന്‍ എയര്‍പോര്‍ട്ടിലേക്ക് പോയി. അകത്ത് കടന്നയുടനെ ട്രേഡ് വിങ്‌സിലെ അജയ് ദുഗ്ഗല്‍ വിളിച്ചു, കളിക്കാരെല്ലാം സുഖം പ്രാപിച്ചതിനാല്‍ വിമാനത്തില്‍ ഇനി കയറേണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നാശം എന്നായിരുന്നു ഞാനപ്പോള്‍ പറഞ്ഞത്.'' - ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയില്‍ പങ്കെടുക്കവെ വീരു പറഞ്ഞു.
1992-ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പില്‍ കളിച്ച സച്ചിന്‍ തെണ്ടുല്‍ക്കറെ ആരാധിച്ചിരുന്നതിനെ കുറിച്ചും വീരു വ്യക്തമാക്കി. പില്‍ക്കാലത്ത് സച്ചിന്റെ ബാറ്റിങ് ശൈലി അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍ സഹോദരങ്ങള്‍ തന്നെ കളിയാക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''സച്ചിന്റെ കളി കാണാന്‍ തുടങ്ങിയ സമയത്ത് ഞാന്‍ ക്രിക്കറ്റ് കളിക്കുമോ എന്ന പോലും എനിക്കറിയില്ലായിരുന്നു. 1992 ലോകകപ്പ് മുതലാണ് ഞാന്‍ ക്രിക്കറ്റ് കാണാന്‍ തുടങ്ങുന്നത്. അന്ന് പുലര്‍ച്ചെ അഞ്ച് മണി മുതലാണ് മത്സരം തത്സമയം ഉണ്ടാകുക. എന്റെ സഹോദരങ്ങള്‍ക്കും ക്രിക്കറ്റ് കാണാനും കളിക്കാനും ഇഷ്ടമായിരുന്നു. വീട്ടില്‍ കേബിള്‍ കണക്ഷന്‍ ഇല്ലാത്തതിനാല്‍ അയല്‍വാസിയുടെ വീട്ടില്‍ പോയാണ് കളി കാണാറ്. എന്റെ അയല്‍ക്കാരനാണ് സച്ചിന്‍ തെണ്ടുല്‍ക്കറെന്ന അന്നത്തെ 19-കാരനെ കുറിച്ച് എന്നോട് പറയുന്നത്. 19 വയസുള്ള ഒരു പയ്യന്‍ ലോകകപ്പില്‍ കളിക്കുന്നത് അന്ന് ഞങ്ങള്‍ക്ക് അദ്ഭുതമായിരുന്നു. സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ഷോട്ടുകള്‍ നോക്കി അത് അനുകരിക്കുമായിരുന്നു. എന്നാല്‍ നീയൊന്നും സച്ചിനാകാന്‍ പോകുന്നില്ലെന്ന് പറഞ്ഞ് എന്റെ സഹോദരന്‍മാര്‍ കളിയാക്കുകയും ചെയ്യുമായിരുന്നു. '' - സെവാഗ് വ്യക്തമാക്കി.
Content Highlights: Virender Sehwag Reveals Why He Failed To Make India Debut In 1998
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..