ന്യൂഡല്‍ഹി: സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡുകള്‍ വിരാട് കോലി തകര്‍ക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതന്‍മാരുടെയെല്ലാം കണക്കുകൂട്ടല്‍. പലപ്പോഴും കോലി പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കാറുമുണ്ട്‌. എന്നാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഒരൊറ്റ റെക്കോഡ് കോലിക്ക് തകര്‍ക്കാനാവില്ലെന്ന് മുന്‍താരം വീരേന്ദര്‍ സെവാഗ് പറയുന്നു.

'നിലവില്‍ ലോകത്തെ മികച്ച ബാറ്റ്‌സ്മാന്‍ തന്നെയാണ് കോലി. റണ്‍സും സെഞ്ചുറിയും നേടി കോലി ഇത് തെളിയിക്കുന്നുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡുകള്‍ കോലി തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ 200 ടെസ്റ്റുകളെന്ന സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ കോലിക്കോ മറ്റാര്‍ക്കെങ്കിലുമോ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.' സെവാഗ് വ്യക്തമാക്കി.

200 ടെസ്റ്റില്‍ 53.79 ശരാശരിയില്‍ 15921 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. കോലിയാവട്ടെ 77 ടെസ്റ്റില്‍ 53.76 ശരാശരിയില്‍ 6613 റണ്‍സ് അടിച്ചുകൂട്ടി. ടെസ്റ്റില്‍ സച്ചിന് 51 സെഞ്ചുറിയുണ്ടെങ്കില്‍ കോലിക്ക് 25 എണ്ണം മാത്രമേയുള്ളൂ. എന്നാല്‍ ഏകദിനത്തില്‍ കോലി സച്ചിന് തൊട്ടുപിന്നിലാണ്. സച്ചിന്‍ 463 ഏകദിനത്തില്‍ 44.83 ശരാശരിയില്‍ 18426 റണ്‍സാണ് നേടിയിട്ടുള്ളത്. കോലി 239 ഏകദിനങ്ങളില്‍ നിന്ന് 60.31 ശരാശരിയില്‍ ഇതിനകം 11520 റണ്‍സ് സ്വന്തം പേരിലാക്കി. സച്ചിന്‍ 49 സെഞ്ചുറി നേടിയപ്പോള്‍ കോലിയുടെ അക്കൗണ്ടില്‍ 43 എണ്ണമുണ്ട്. അതായത് സച്ചിനെ മറികടക്കാന്‍ കോലിക്ക് അധികനാള്‍ വേണ്ടിവരില്ല എന്നര്‍ഥം. 

Content Highlights: Virender Sehwag reveals the one Sachin Tendulkar record that no one can break