ന്യൂഡല്‍ഹി: ഐ.പി.എല്‍ പുതിയ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നയിക്കാനുള്ള ദൗത്യം ഇന്ത്യയുടെ സ്പിന്‍ ബൗളര്‍ അശ്വിനാണ്. ടീം ഡയറക്ടറും ഇന്ത്യയുടെ മുന്‍താരവുമായ വീരേന്ദര്‍ സെവാഗ് ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് അശ്വിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത കാര്യം പുറത്തുവിട്ടത്. എന്നാല്‍ ഇതിന് പിന്നാലെ വിമര്‍ശനവുമയര്‍ന്നു. ആരോണ്‍ ഫിഞ്ച്,  യുവരാജ് സിങ്ങ് എന്നീ സീനിയര്‍ താരങ്ങള്‍ ടീമിലുള്ളപ്പോള്‍ അശ്വിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് എന്താണെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്.

അതിനുള്ള മറുപടിയുമായി സെവാഗ് തന്നെ രംഗത്തെത്തി. ഐ.പി.എല്‍ ലേലത്തിന്റെ സമയത്ത് ക്യാപ്റ്റനായി രണ്ടു താരങ്ങള്‍ മനസ്സിലുണ്ടായിരുന്നു. ആദ്യ ഓപ്ഷന്‍ അശ്വിന്‍ തന്നെയായിരുന്നു. രണ്ടാമത് മനസ്സിലുണ്ടായിരുന്നത് ദിനേശ് കാര്‍ത്തിക്കായിരുന്നു. പക്ഷേ കാര്‍ത്തിക്കിനെ ലേലത്തിലെടുക്കാന്‍ കഴിഞ്ഞില്ല. അതോടെ അശ്വിനെ തന്നെ ക്യാപ്റ്റനായി തീരുമാനിക്കുകയായിരുന്നു. സെവാഗ് വ്യക്തമാക്കി.

യുവിയെ ക്യാപ്റ്റനാക്കണമെന്നാണ് ഒരുപാട് ആരാധകരുടെ ആഗ്രഹം എന്നെനിക്കറിയാം.  പക്ഷേ ഞാന്‍ വിചാരിക്കുന്നത് ഒരു ബൗളറാണ് ടീമിനെ നയിക്കാന്‍ ഉത്തമമെന്നാണ്. എന്റെ മനസ്സില്‍ യുവരാജുമുണ്ടായിരുന്നു. പക്ഷേ ടീം മാനേജ്‌മെന്റിലെ അധികപേരും അശ്വിനോടൊപ്പമായിരുന്നു. അടുത്ത മൂന്നു സീസണ്‍ മുന്‍കൂട്ടി കണ്ടാണ് അശ്വിനെ ക്യാപ്റ്റനാക്കിയത്. യുവരാജ് എന്റെ അടുത്ത സുഹൃത്താണ്. പക്ഷേ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതില്‍ ആ സൗഹൃദം ഒരു അളവുകോലല്ല. ഫെയ്‌സ്ബുക്ക് ലൈവില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കവെ സെവാഗ് വ്യക്തമാക്കി.

പഞ്ചാബിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ബഹുമതിയായി കാണുന്നുവെന്നും സമ്മര്‍ദമില്ലാതെ ടീമിനെ നയിക്കാനാകുമെന്നും അശ്വിന്‍ പ്രതികരിച്ചു. 21 വയസ്സുള്ളപ്പോള്‍ ഒരു ടീമിന്റെ ക്യാപ്റ്റനായിട്ടുണ്ടെന്നും ആ പരിചയസമ്പത്തുള്ളതിനാല്‍ സമ്മര്‍ദമില്ലെന്നും ഇതൊരു വെല്ലുവിളിയായാണ് ഏറ്റെടുക്കുന്നതെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. 

Content highlights:  Virender Sehwag On R Ashwin and Kings Eleven Punjab Captiancy