ചെന്നൈ: ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്‌സ്മാനായിരുന്ന വീരേന്ദര്‍ സെവാഗിനെതിരെ ബൗള്‍ ചെയ്യുമ്പോള്‍ ആത്മവീര്യം നഷ്ടപ്പെടുമെന്ന് ഓഫ് സ്പിന്നര്‍ ആര്‍.അശ്വിന്‍. 'വാട്ട് ദ ഡക്ക്' എന്ന ചാറ്റ് ഷോയിലാണ് അശ്വിന്‍ തന്റെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചത്. ഇന്ത്യന്‍ ടീമില്‍ ഒരവസരത്തിനായി കാത്തിരിക്കുന്ന സമയത്ത് ഒരിക്കല്‍ ദാംബുള്ളയില്‍ പരിശീലനത്തിനിടെ സെവാഗിന് പന്ത് എറിഞ്ഞുകൊടുത്തത് ഒരിക്കലും മറക്കാനാകില്ലെന്നും അശ്വിന്‍ പറയുന്നു.

''ദാംബുള്ളയിലെ ആ പരിശീലനം ഞാന്‍ ഒരിക്കലും മറക്കില്ല. ഞാനെറിയുന്ന എല്ലാ പന്തുകളും സെവാഗ് അടിച്ചു പരത്തി. ആദ്യ പന്ത് ഓഫ്സ്റ്റമ്പിന് പുറത്താണ് ഞാനെറിഞ്ഞത്. സെവാഗ് കട്ട് ചെയ്തു. അടുത്ത പന്ത് ഓഫ് സ്റ്റമ്പില്‍ എറിഞ്ഞു. അതും സെവാഗ് അടിച്ചു. പിന്നീട് മിഡില്‍ സ്റ്റമ്പിലും ലെഗ് സ്റ്റമ്പിലും എറിഞ്ഞു. അതും സെവാഗ് നന്നായി നേരിട്ടു. 

എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. പിന്നീട് രണ്ടുംകല്‍പ്പിച്ച് ഒരു ഫുള്‍ലെങ്ത് എറിഞ്ഞു. പക്ഷേ ക്രീസില്‍ നിന്ന് കയറി സെവാഗ് അത് സിക്‌സിലേക്ക് പറത്തി. ആ സമയത്ത് എന്റെ ഓരോ പന്തു പരാജയമായിത്തീര്‍ന്നു'' അശ്വിന്‍ പറയുന്നു.

''ഒന്നെങ്കില്‍ ഞാന്‍ നന്നായി പന്തെറിയുന്നില്ല. അതല്ലെങ്കില്‍ സെവാഗ് നന്നായി ബാറ്റ് ചെയ്യുന്നു. പക്ഷേ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് എതിരെ പന്തെറിയുമ്പോള്‍ പോലും ഞാന്‍ ഇത്ര കഷ്ടപ്പെട്ടിട്ടില്ല. ഇത് എങ്ങനെ സംഭവിക്കുന്നു എന്നറിയാനുള്ള എന്റെ താത്പര്യം കൂടി. ഞാന്‍ ഇക്കാര്യം കുറച്ചു ദിവസം നിരീക്ഷിച്ചു. 

എനിക്ക് പിടിച്ചു നില്‍ക്കാനായില്ല. ഞാന്‍ സെവാഗിന്റെ അടുത്തെത്തി അദ്ദേഹത്തോട് ചോദിച്ചു 'എന്റെ ബൗളിങ് മെച്ചപ്പെടാന്‍ ഞാന്‍ എന്തുചെയ്യണം?'. ഇത് സച്ചിനോടാണ് ചോദിച്ചിരുന്നെങ്കില്‍ അദ്ദേഹം എനിക്ക് ടിപ്‌സ് പറഞ്ഞു തരുമായിരുന്നു. എം.എസ് ധോനിയോടാണെങ്കില്‍ ഒരു കാഴ്ച്ചപ്പാട് അദ്ദേഹം തരുമായിരുന്നു. എന്നാല്‍ വീരുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'നിനക്കറിയുമോ, ഞാന്‍ ഓഫ് സ്പിന്നേഴ്‌സിനെ ബൗളര്‍മാരായി കാണുന്നില്ല. അവര്‍ക്ക് ഒരിക്കലും എനിക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ കഴിയില്ല. ഓഫ് സ്പിന്നര്‍മാരെ എനിക്ക് എളുപ്പത്തില്‍ നേരിടാനാകും' അതു കേട്ടപ്പോള്‍ എനിക്ക് സങ്കടം വന്നു. അദ്ദേഹം തുടര്‍ന്നു ' ഓഫ് സ്പിന്നര്‍മാരെ ഓഫ് സൈഡലിക്കും ലെഫ്റ്റ് ആം സ്പിന്നര്‍മാരെ ലെഗ് സൈഡിലേക്കും അടിക്കുന്നതാണ് എന്റെ രീതി'

അടുത്ത ദിവസവും ഇതു തന്നെ സംഭവിച്ചു. അദ്ദേഹം എന്നെ തലങ്ങും വിലങ്ങുമടിച്ചു. ഒരു പത്ത് വയസ്സുകാരന്‍ ബൗള്‍ ചെയ്യുന്നതു പോലെയാണ് അദ്ദേഹം എന്നെ കണ്ടത്. 

കുറേ തല്ല് വാങ്ങിയതിന് ശേഷം അവസാനം സെവാഗിനെതിരെ എന്റെ ബൗളിങ് മെച്ചപ്പെട്ടു. സെവാഗിനെതിരെ പന്തെറിയുകയാണെങ്കില്‍ ഓരോ പന്തും അധികം കണക്കുകൂട്ടലുകള്‍ നടത്താതെ എറിയണമെന്ന് പഠിച്ചു. നിങ്ങളുടെ ഏറ്റവും മോശം പന്ത് തന്നെ എറിയണം. ഐ.പി.എല്ലില്‍ ഞാന്‍ സെവാഗിന്റെ വിക്കറ്റെടുത്തത് അങ്ങനെയാണ്. നമ്മള്‍ നല്ല പന്തെറിയും എന്നാണ് അദ്ദേഹം പ്രതീക്ഷിക്കുക. മോശം പന്തുകള്‍ പ്രതീക്ഷിക്കില്ല.''-അശ്വിന്‍ പറയുന്നു.