ന്യൂഡല്‍ഹി: സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്ന ഇന്ത്യന്‍ താരം കെ.എല്‍ രാഹുലിന് പിന്തുണയുമായി മുന്‍ താരം വീരേന്ദര്‍ സെവാഗ്. രാഹുലിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ടീമില്‍ നിലനിര്‍ത്തണമെന്നു പറഞ്ഞ സെവാഗ്, മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി ചെയ്തപോലെ രാഹുലിന് പിന്തുണ നല്‍കണമെന്നും ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു.

''അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ നാലുവട്ടം രാഹുല്‍ പരാജയപ്പെട്ടാല്‍ ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ പിന്നെ ആ സ്ഥാനത്തു നിന്ന് മാറ്റും. എന്നാല്‍ ധോനിയുടെ കാലത്ത് ഇങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. സ്വയം കഠിനമായ അവസ്ഥകളിലൂടെ കടന്നുപോയ ആളായതുകൊണ്ടു തന്നെ ഓരോ പൊസിഷനിയും കളിക്കുന്ന കളിക്കാരെ പിന്തുണയ്ക്കേണ്ടത് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ധോനിക്ക് വ്യക്തമായി അറിയാമായിരുന്നു'', സെവാഗ് വ്യക്തമാക്കി.

''ഓപ്പണിങ്ങിലേക്ക് വരുന്നതിനു മുമ്പ് ഞാനും മധ്യനിരയില്‍ കളിച്ചിരുന്നു. അന്ന് ഒരുപാട് അബദ്ധങ്ങളും സംഭവിച്ചിട്ടുണ്ട്. ചിലതൊക്കെ ടീമിന്റെ തോല്‍വിക്കും കാരണമായിട്ടുണ്ട്. എന്നാല്‍ അക്കാരണത്താല്‍ ബെഞ്ചിലിരുന്നാല്‍ ഒരാള്‍ ഒരിക്കലും മികച്ച കളിക്കാരനാകില്ല. അതിന് അവര്‍ക്ക് ആവശ്യമായ സമയം നല്‍കണം'', സെവാഗ് കൂട്ടിച്ചേര്‍ത്തു.

ടീമില്‍ ഓരോ കളിക്കാരന്റെയും ബാറ്റിങ് പൊസിഷന്‍ നിര്‍ണയിക്കുന്ന കാര്യത്തില്‍ ധോനിക്കുണ്ടായിരുന്ന മികവും സെവാഗ് ചൂണ്ടിക്കാട്ടി. ഓരോ കളിക്കാരനും ഏതു പൊസിഷനില്‍ കളിക്കണമെന്ന കാര്യത്തില്‍ ധോനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്ന് പറഞ്ഞ സെവാഗ് അദ്ദേഹത്തിന്റെ ആ ധാരണകള്‍ തെറ്റിയിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Content Highlights: Virender Sehwag backs KL Rahul as wicket keeper