വിരാട് കോലി നേരിട്ട അഭിമുഖങ്ങള്‍ക്ക് കൈയും കണക്കുമുണ്ടാവില്ല. കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ മറ്റൊരു വേഷമണിഞ്ഞു ഇന്ത്യന്‍ നായകന്‍. കളിക്കളത്തിന് പുറത്ത് ഒരു ഒരു താരത്തെ രസകരമായൊരു അഭിമുഖം നടത്തി കോലി.

താരം മറ്റാരുമല്ല. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലെ മാന്‍ ഓഫ് ദി മാച്ച് ഹര്‍ദിക് പാണ്ഡ്യ. ഡ്രസ്സിങ് റൂമില്‍ വച്ച് സ്വന്തം ഫോണില്‍ പകര്‍ത്തിയ വീഡിയോ കോലി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സൂപ്പര്‍ സ്റ്റാര്‍ എന്നാണ് കോലി ഈ അഭിമുഖത്തില്‍  പാണ്ഡ്യയെ വിശേഷിപ്പിക്കുന്നത്.

പാണ്ഡ്യയെ സ്ഥാനക്കയറ്റം നല്‍കി എം.എസ്.ധോനിക്കും മുകളില്‍ നാലാം സ്ഥാനത്തിറക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം പൊടിപൊടിക്കുന്നതിനിടെയായിരുന്നു സംഗീതത്തിന്റെ അകമ്പടിയോടുകൂടിയ കോലിയുടെ ഹിറ്റ് അഭിമുഖം. 

പാണ്ഡ്യ ഒരു യഥാര്‍ഥ താരമായിരിക്കുകയാണ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഫീല്‍ഡിങ്ങിലും മികവ് പുലര്‍ത്താന്‍ പാണ്ഡ്യയ്ക്കാവും. സത്യത്തില്‍ നമ്മള്‍ ഒരു വെടിക്കെട്ട് ഓള്‍റൗണ്ടറുടെ കുറവ് അനുഭവിച്ചുവരികയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് വലിയൊരു മുതല്‍ക്കൂട്ട് തന്നെയാണ് പാണ്ഡ്യ. രവി ശാസ്ത്രിയുടേതായിരുന്നു ഈ സ്ഥാനക്കയറ്റത്തിന്റെ ആശയം. സ്പിന്നര്‍മാരെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം-കോലി പറഞ്ഞു.

ഇന്ത്യ പരമ്പര സ്വന്തമാക്കിയ മൂന്നാം ഏകദിനത്തില്‍ 78 പന്തില്‍ നിന്ന് 72 റണ്‍സെടുത്താണ് പാണ്ഡ്യ മാന്‍ ഓഫ് ദി മാച്ച് എടുത്തത്.