kohli anushka

ബോളിവുഡ് താരം അനുഷ്‌ക്ക ശര്‍മയുമായുള്ള വിവാഹനിശ്ചയം നടക്കുന്നു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി നിഷേധിച്ചു.

ഗോസിപ്പ് കോളങ്ങള്‍ക്ക് എരിവു പകര്‍ന്നുകൊണ്ട് ഏറെക്കാലമായി ഇണങ്ങിയും കഴിയുന്ന കോലിയും അനുഷ്‌ക്കയും തമ്മിലുള്ള വിവാഹനിശ്ചയം ജനുവരി ഒന്നിന് ഡെഹറാഡൂണില്‍ വച്ച് നടക്കുകയാണ് എന്നായിരുന്നു വാര്‍ത്ത. ചടങ്ങില്‍ അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, അനില്‍ അംബാനി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ടെന്നും ഇവരില്‍ ചിലര്‍ ഡെഹറാഡൂണിലേയ്ക്ക് യാത്ര പുറപ്പെട്ടുകഴിഞ്ഞുവെന്നും വരെ വാര്‍ത്തകള്‍ വന്നു. ഇതിനെത്തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ നിഷേധിച്ചുകൊണ്ട് കോലി തന്നെ രംഗത്തുവന്നത്.

'ഞങ്ങളുടെ വിവാഹനിശ്ചയം തീരുമാനിച്ചിട്ടൊന്നുമില്ല. അങ്ങിനെ ചെയ്യുന്നുണ്ടെങ്കില്‍ ഒളിച്ചുവയ്ക്കുകയുമില്ല. വാര്‍ത്താചാനലുകള്‍ വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും വില്‍ക്കുന്നത് തടയാന്‍ കഴിയാത്തിടത്തോളം കാലം നിങ്ങള്‍ ആശയക്കുഴപ്പത്തിലായിരിക്കും. അതുകൊണ്ടാണ് ഈ ആശയക്കുഴപ്പം ഞങ്ങള്‍ തന്നെ അവസാനിപ്പിക്കുന്നത്'-കോലി ട്വിറ്ററില്‍ കുറിച്ചു.

 ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുശേഷമുള്ള അവധിക്കാലം ചിലവിടുന്ന കോലിയെയും അനുഷ്‌ക്കയെയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി  ഒന്നിച്ച് ഡെഹറാഡൂണില്‍ കണ്ടെത്തിയതാണ് വിവാഹം നിശ്ചയം സംബന്ധിച്ച വാര്‍ത്ത പ്രചരിക്കാന്‍ കാരണമായത്. ഏതാനും ആശ്രമങ്ങളിലും സ്പാകളിലും ഇവരെ കണ്ടതായി ചിത്രങ്ങള്‍ സഹിതം വാര്‍ത്തകള്‍ വന്നിരുന്നു.

ക്രിക്കറ്റിലെയും ബോളിവുഡിലെയും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള ഏറ്റവും ചൂടുള്ള ഗോസിപ്പിന്റെ ഇരകളാണ് കോലിയും അനുഷ്‌ക്കയും. കോലി കളിക്കുമ്പോള്‍ ഗ്യാലറികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അനുഷ്‌ക്ക ഫീല്‍ഡില്‍ കോലിയുടെ ഫോമില്ലായ്മയ്ക്കും ഏറെ പഴി കേട്ടിരുന്നു. ഇടക്കാലത്ത് അല്‍പമൊന്ന് അകന്ന ഈ താരപ്രണയിനികള്‍ അടുത്തിടെയാണ് വീണ്ടും ഒന്നിച്ചത്.


 

 

Merry Christmas everyone 🌲🌲. Have a good day 👍😊

A photo posted by Virat Kohli (@virat.kohli) on