ബിര്‍മിങ്ങാം: വിരാട് കോലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമാകുമെന്ന് മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര. കോലി കളിക്കുന്നത് ആ രീതിയിലാണെന്നും സമാനതകളില്ലാത്ത താരമാണ് അദ്ദേഹമെന്നും സംഗക്കാര കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഏറ്റവും മികച്ച താരമായി മാറാനുള്ള കഴിവും പ്രാപ്തിയും കോലിക്കുണ്ട്. കളിക്കളത്തിലെ പ്രകടനത്തിലും സമ്മര്‍ദങ്ങളെ കൈകാര്യം ചെയ്യുന്നതിലും സച്ചിന്‍ തെണ്ടുല്‍ക്കറുടെ പാതയിലാണ് കോലിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഈ തലമുറയിലെ ഏറ്റവും മികച്ച താരവും കോലിയാണെന്ന് അഭിപ്രായപ്പെട്ട സംഗക്കാര, മുന്നോട്ടു പോകുന്തോറും കോലി ഇനിയും മെച്ചപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു. സ്വയം മനസിലാക്കുകയും അതുവഴി കളി മെച്ചപ്പെടുത്താനും കോലിക്കു സാധിച്ചാല്‍ ക്രിക്കറ്റിലെ ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കാന്‍ അദ്ദേഹത്തിനു സാധിക്കും. കോലിയുടെ ഫൂട്ട് വര്‍ക്ക് ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും 2014-ല്‍ അദ്ദേഹത്തിന് തിരിച്ചടിയായത് ഈ പ്രശ്‌നമായിരുന്നുവെന്നും സംഗക്കാര ചൂണ്ടിക്കാട്ടി.

Content Highlights: virat kohli well on the way to becoming india's greatest ever batsman kumar sangakkara