ദുബായ്: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നുവെന്ന വാര്‍ത്ത ആഘോഷമാക്കുകയാണ് ആരാധകരും ഇന്ത്യന്‍ മാധ്യമങ്ങളും. പക്ഷേ ഇക്കാര്യത്തെ കുറിച്ച് ടീമിന്റെ ക്യാപ്റ്റനായ വിരാട് കോലി യാതൊന്നും അറിഞ്ഞിട്ടില്ല. എന്താണ് അവിടെ നടക്കുന്നത് എന്നതിനെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും കോലി കൂട്ടിച്ചേര്‍ത്തു.

ട്വന്റി 20 ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കോലി ദ്രാവിഡിന്റെ നിയമനത്തെ കുറിച്ച് യാതൊന്നും അറിയില്ലെന്ന് പറഞ്ഞത്.

''എന്താണ് അവിടെ നടക്കുന്നത് എന്നതിനെ കുറിച്ച് എനിക്ക് യാതൊരു അറിവുമില്ല. ആരുമായും വിശദമായ ഒരു ചര്‍ച്ചയും ഇക്കാര്യത്തില്‍ നടന്നിട്ടില്ല.'' - ദ്രാവിഡിന്റെ നിയമനത്തെ കുറിച്ച് ചോദിച്ചപ്പോഴുള്ള കോലിുടെ പ്രതികരണമാണിത്. 

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

വെള്ളിയാഴ്ച നടന്ന ഐ.പി.എല്‍ 14-ാം സീസണ്‍ ഫൈനലിന് ശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമുണ്ടായതെന്നായിരുന്നു റിപ്പോര്‍ട്ട്. 

യു.എ.ഇയില്‍ ഈ മാസം നടക്കുന്ന ട്വന്റി 20 ലോകകപ്പോടെ നിലവിലെ ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകനായുള്ള തിരച്ചില്‍ ആരംഭിച്ചത്. രണ്ടു വര്‍ഷത്തേക്കാകും ദ്രാവിഡുമായുള്ള കരാറെന്നാണ് റിപ്പോര്‍ട്ടുകള്‍. ദ്രാവിഡ് മുഖ്യ പരിശീലകനാകുമ്പോള്‍ പരസ് ഹാംബ്രെ ഇന്ത്യയുടെ ബൗളിങ് കോച്ചാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: virat kohli unaware of rahul dravid taking up indian coach