ലണ്ടന്‍: 'ഇയാള്‍ കുഴപ്പമില്ലാതെ ക്രിക്കറ്റ് കളിക്കുന്നുണ്ടല്ലോ', ഇന്ത്യയുമായുള്ള സന്നാഹ മത്സരത്തിനു ശേഷം കൗണ്ടി ക്ലബ്ബായ എസ്സെക്സ് ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. പറഞ്ഞതാവട്ടെ ടെസ്റ്റില്‍ ലോക രണ്ടാം നമ്പറുകാരനായ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കുറിച്ചും.

പോരെ പൂരം, ഇതുകണ്ട ഇന്ത്യന്‍ ആരാധകര്‍ വെറുതെയിരിക്കുമോ. അവര്‍ ചുട്ട മറുപടിയുമായി രംഗത്തെത്തി. മൊത്തത്തില്‍ പറഞ്ഞാല്‍ കോലിയെ ഒന്ന് കൊട്ടിയ ട്വീറ്റിന്റെ പേരില്‍ പുലിവാൽ പിടിച്ചിരിക്കുകയാണ് എസ്സെക്സ് ക്ലബ്ബ്. 

ഇംഗ്ലണ്ടുമായി ഓഗസ്റ്റ് ഒന്നിന് ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നൊരുക്കമെന്ന നിലയിലാണ് ഇന്ത്യന്‍ ടീം കൗണ്ടി ക്ലബ്ബായ എസ്സെക്സിനെതിരായ മത്സരത്തിനിറങ്ങിയത്. മത്സരത്തില്‍ നായകന്‍ കോലി 93 പന്തുകളില്‍ നിന്ന് 68 റണ്‍സെടുത്തിരുന്നു. കോലി അര്‍ധസെഞ്ചുറി നേടുന്ന വീഡിയോക്കൊപ്പമാണ് എസ്സെക്സ്, ക്രിക്കറ്റില്‍ ഈ പയ്യന്‍ കുഴപ്പമില്ലെന്ന് ട്വീറ്റ് ചെയ്തത്.

പിന്നാലെ മറുപടികളുമായി ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തി. ഇംഗ്ലണ്ട് പരമ്പരയില്‍ മൂന്നു സെഞ്ചുറികള്‍ നേടി കോലി നിങ്ങളെപോലുള്ളവരുടെ വായടക്കുമെന്നായിരുന്നു ഒരു ആരാധകന്റെ മറുപടി. ക്രിക്കറ്റില്‍ ഈ പയ്യന്‍ അവിശ്വസനീയനാണെന്ന തലക്കെട്ടായിരുന്നു നല്‍കേണ്ടിയിരുന്നതെന്ന് മറ്റൊരു ആരാധകന്‍. നിങ്ങള്‍ ക്രിക്കറ്റിലെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ യുഗത്തിലാണെന്നും ഇക്കാര്യം പറയേണ്ടിയിരുന്നത് 2009-ലായിരുന്നവെന്നുമായിരുന്നു മറ്റൊരു ട്വീറ്റ്.

 

 

 

Content Highlights: virat kohli tweet lands essex cricket in trouble