2014-ല്‍ ഓസ്ട്രേലിയയില്‍ പരമ്പര കളിച്ചുകൊണ്ടിരിക്കെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതായി ക്യാപ്റ്റന്‍ എം.എസ്. ധോനി അപ്രതീക്ഷിതമായി മാധ്യമസമ്മേളനത്തിനിടെ പ്രഖ്യാപിച്ചത്. അപ്പോള്‍ ധോനിക്ക് 33 വയസ്സ്. ധോനിയുടെ ഫോമിനെപ്പറ്റി ചോദ്യമുയര്‍ന്നുതുടങ്ങിയ കാലമാണത്. മൂന്നു ഫോര്‍മാറ്റിലും കളിക്കുന്നതിലെ സമ്മര്‍ദം താങ്ങാനാകാതെയാണ് ടെസ്റ്റില്‍നിന്ന് വിരമിക്കുന്നതെന്ന് ധോനി പറഞ്ഞു. ആ രാജിയിലൂടെ, പരിമിത ഓവര്‍ ക്രിക്കറ്റില്‍ മൂന്നുവര്‍ഷംകൂടി തന്റെ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു എം.എസ്. ധോനി.

വ്യാഴാഴ്ച വൈകീട്ട് ട്വിറ്ററിലൂടെ ട്വന്റി 20 ക്യാപ്റ്റന്‍സി ഉപേക്ഷിക്കുന്നതായി വിരാട് കോലി പ്രഖ്യാപിക്കുമ്പോള്‍ ഇരുവര്‍ക്കുമിടയില്‍ ഏറെ സാമ്യങ്ങളുണ്ട്. കോലിക്ക് 32 വയസ്സ്. മൂന്നു ഫോര്‍മാറ്റിലും ടീമിനെ നയിക്കുന്നതിലെ സമ്മര്‍ദത്തെപ്പറ്റിയാണ് കോലിയും പറഞ്ഞത്. സമകാലീന ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായ കോലിക്ക് കഴിഞ്ഞ 54 ഇന്നിങ്സുകളിലായി സെഞ്ചുറിയില്ല. സെഞ്ചുറികളില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ (100) റെക്കോഡ് മറികടക്കും എന്ന് കരുതപ്പെട്ടിരുന്ന ബാറ്റ്സ്മാനാണ് 54 ഇന്നിങ്സുകള്‍ ഇങ്ങനെ പിന്നിട്ടത്.

ബാറ്റിങ്ങിലെ ഫോം പരാതിയായി ഉയരുന്നതിനുമുമ്പ് ട്വന്റി 20 ക്യാപ്റ്റന്‍സി അടിയറവെച്ച് മറ്റു രണ്ടു നായകപ്പട്ടം കോലി സംരക്ഷിക്കുകയായിരുന്നു. രോഹിത് ശര്‍മയ്ക്ക് 33 വയസ്സായപ്പോള്‍ അദ്ദേഹത്തെ ഉപനായകസ്ഥാനത്തുനിന്ന് മാറ്റണമെന്ന് കോലി ആവശ്യപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പകരം ഏകദിനത്തില്‍ കെ.എല്‍. രാഹുലിനെയും ട്വന്റി 20-യില്‍ ഋഷഭ് പന്തിനെയും വൈസ് ക്യാപ്റ്റന്‍ ആക്കണമെന്നായിരുന്നു ആവശ്യം.

ഈവര്‍ഷവും അടുത്തവര്‍ഷവും ട്വന്റി 20 ലോകകപ്പുകളുണ്ട്. 2023-ല്‍ ഇന്ത്യയില്‍ ഏകദിന ലോകകപ്പുണ്ട്. അപ്പോഴേക്കും കോലി 33 വയസ്സ് പിന്നിടും. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ലോകകപ്പിനെ നേരിടാന്‍ ടീം മാനേജ്മെന്റിന് താത്പര്യമില്ല എന്ന വാര്‍ത്ത അന്തരീക്ഷത്തിലുണ്ട്. 33 വയസ്സ് മാനദണ്ഡം, വേണമെങ്കില്‍ കോലിക്കെതിരേയും പ്രയോഗിക്കാം.

കോലിയുടെ പരിപൂര്‍ണമായ അപ്രമാദിത്വവും വിട്ടുവീഴ്ചയില്ലാത്ത രീതിയും കുറച്ചുകാലമായി ടീം മാനേജ്‌മെന്റിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. പുതുതായി ട്വന്റി 20 നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന രോഹിത് ശര്‍മയുടേത് ഇതില്‍നിന്ന് വേറിട്ട ശൈലിയാണ്.മുംബൈ ഇന്ത്യന്‍സിന്റെ അഞ്ച് ഐ.പി.എല്‍. നേട്ടങ്ങളിലും ഇതു വ്യക്തമായി.

ഇക്കുറി ട്വന്റി 20 ലോകകപ്പ് കഴിഞ്ഞാല്‍ രവിശാസ്ത്രി മുഖ്യപരിശീലകസ്ഥാനത്തുനിന്ന് മാറുമെന്ന് നേരത്തേ പറഞ്ഞിരുന്നു. ട്വന്റി 20 ലോകകപ്പില്‍ ടീമിന്റെ ഉപദേശകനായി എം.എസ്. ധോനി വന്നതും ടീമിലെ ശാക്തികസന്തുലനത്തെ സ്വാധീനിക്കും. ട്വന്റി 20 നായകസ്ഥാനത്തുനിന്നുള്ള കോലിയുടെ രാജി പലമാറ്റങ്ങളുടെ തുടക്കംകൂടിയാണ്.

Content Highlights: Virat Kohli to step down as T20I captain after 2021 T20 WC