പുണെ: പരാജയപ്പെട്ട ടീമിലെ കളിക്കാരന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നല്‍കുന്നത് ക്രിക്കറ്റില്‍ അത്ര പതിവില്ലാത്ത കാര്യമാണ്. 

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആര്‍ക്ക് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നല്‍കുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ജൂറി. കാരണം നിരവധി മികച്ച പ്രകടനങ്ങള്‍ മത്സരത്തിലുണ്ടായിരുന്നു. 

ഒടുവില്‍ ഇംഗ്ലണ്ടിനെ ഒറ്റയ്ക്ക് വിജയത്തിന്റെ വക്കോളമെത്തിച്ച ഇംഗ്ലണ്ട് താരം സാം കറനെ മാന്‍ ഓഫ് ദ മാച്ചായി പ്രഖ്യാപിക്കുകയായിരുന്നു. 

ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ ഒരു ഘട്ടത്തില്‍ ആറിന് 168 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനായി വാലറ്റക്കാര്‍ക്കൊപ്പം ബാറ്റ് വീശി വിജയ പ്രതീക്ഷ സമ്മാനിച്ചത് സാം കറനായിരുന്നു. 

ഏഴാം വിക്കറ്റില്‍ മോയിന്‍ അലിക്കൊപ്പം 32 റണ്‍സിന്റെയും എട്ടാം വിക്കറ്റില്‍ ആദില്‍ റഷീദിനൊപ്പം 57 റണ്‍സിന്റെയും ഒമ്പതാം വിക്കറ്റില്‍ മാര്‍ക്ക് വുഡിനൊപ്പം 60 റണ്‍സിന്റെയും കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയ സാം അവസാന നിമിഷം വരെ ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയിരുന്നു. 

എന്നാല്‍ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ താരം ശാര്‍ദുല്‍ താക്കൂറിന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ലഭിക്കാത്തതില്‍ താന്‍ ആശ്ചര്യപ്പെട്ടെന്നായിരുന്നു ക്യാപ്റ്റന്‍ കോലിയുടെ പ്രതികരണം. 

മത്സരത്തില്‍ നാല് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ ശാര്‍ദുല്‍ ബാറ്റിങ്ങില്‍ 21 പന്തില്‍ നിന്ന് 30 റണ്‍സ് നേടുകയും ചെയ്തിരുന്നു.

ജോസ് ബട്ട്‌ലര്‍, ഡേവിഡ് മലാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റഷീദ് തുടങ്ങിയവരുടെ നിര്‍ണായക വിക്കറ്റുകളാണ് ശാര്‍ദുല്‍ നേടിയത്. എന്നിട്ടും താരത്തിന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നിഷേധിച്ചതാണ് കോലിയെ ആശ്ചര്യപ്പെടുത്തിയത്.

Content Highlights: Virat Kohli that Shardul Thakur is not Man of the Match