ക്രീസില്‍ നിലയുറപ്പിക്കും മുമ്പ് വിരാട് കോലിയെ പുറത്താക്കണമെന്നായിരിക്കും ഏതൊരു എതിരാളിയുടെയും ആഗ്രഹം. നിലയുറപ്പിച്ചാല്‍ പിന്നീട് കോലിയെ പിടിച്ചു കെട്ടാനാകില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഇന്ത്യക്കെതിരായ ടെസ്റ്റില്‍ ബംഗ്ലാദേശും അതിനു തന്നെയാണ് ശ്രമിച്ചത്. എങ്ങനെയെങ്കിലും കോലിയെ പുറത്താക്കണമെന്നായിരുന്നു അവരുടെ ലക്ഷ്യം.

62ാം ഓവറില്‍ മുരളി വിജയ് 101 റണ്‍സും വിരാട് കോലി 31 റണ്‍സുമെടുത്തു നില്‍ക്കെ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹീം ഇന്ത്യന്‍ ക്യാപ്റ്റനെ പുറത്താക്കാനുള്ള ഒരു അവസരം വിനിയോഗിക്കുകയായിരുന്നു. പക്ഷേ അത് കണ്ടാല്‍ ആരും ചിരിച്ചു പോകുമെന്ന് മാത്രം.

ഇടങ്കയ്യന്‍ സ്പിന്നറായ തൈജുല്‍ ഇസ്‌ലാമിന്റെ പന്ത് കോലി ബാറ്റ് ചെരിച്ച് പ്രതിരോധിച്ചു. ബാറ്റിന്റെ മധ്യത്തില്‍ തട്ടി പന്ത് തെറിച്ചു. അതില്‍ വിക്കറ്റിനുള്ള ഒരു സാധ്യതയുമില്ലായിരുന്നു.

എന്നാല്‍ മുഷ്ഫിഖുര്‍ റഹീം അങ്ങനെയല്ല ചിന്തിച്ചത്. അത് എല്‍.ബി.ഡബ്ല്യു ആണെന്ന് പറഞ്ഞ് റഹീം ഡി.ആര്‍.എസിന് ആവശ്യപ്പെടുകയായിരുന്നു. റഹീമിന്റെ ഈ ആവശ്യം കേട്ട് കമന്റേറ്ററായിരുന്ന സഞ്ജയ് മഞ്ജരേക്കര്‍ അദ്ഭുതം പ്രകടിപ്പിച്ചു. കോലിയാകട്ടെ, ബൗളിങ് എന്‍ഡിലുണ്ടായിരുന്ന മുരളി വിജയെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. കോലിയുടെ കാലില്‍ എവിടെയും പന്ത് തട്ടിയിട്ടില്ലെന്ന് വ്യക്തമായി കാണാമെന്നിരിക്കെ റഹീമിന്റെ ഡി.ആര്‍.എസിനെ വിഡ്ഢിത്തമാണെന്നാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്.