പോര്‍ട്ട് ഓഫ് സ്പെയിന്‍: ഏറെ നാളുകള്‍ക്കു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തില്‍ വിന്‍ഡീസിനെ 59 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഏകദിന കരിയറിലെ 42-ാം സെഞ്ചുറിയാണ് കോലി വിന്‍ഡീസിനെതിരേ കുറിച്ചത്. 125 പന്തില്‍ ഒരു സിക്സും 14 ബൗണ്ടറിയുമടക്കം കോലി 120 റണ്‍സെടുത്തു. 

മത്സരത്തിനിടെ രണ്ടു റെക്കോഡുകള്‍ കോലി സ്വന്തമാക്കുകയും ചെയ്തു. ഏകദിനത്തിലെ റണ്‍ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ മറികടന്ന കോലി ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി. 311 ഏകദിനങ്ങളില്‍ നിന്ന് 11,363 റണ്‍സെടുത്ത ഗാംഗുലിയുടെ നേട്ടമാണ് കോലി മറികടന്നത്. 

ഗാംഗുലി 311 ഏകദിനങ്ങളില്‍ നിന്ന് സ്വന്തമാക്കിയ നേട്ടം മറികടക്കാന്‍ വെറും 238 മത്സരങ്ങളേ കോലിക്ക് വേണ്ടിവന്നുള്ളൂ. വ്യക്തിഗത സ്‌കോര്‍ 78-ല്‍ എത്തിയതോടെയാണ് കോലി ഗാംഗുലിയെ മറികടന്നത്. വിന്‍ഡീസിനെതിരേ സെഞ്ചുറി നേടിയതോടെ കോലിയുടെ റണ്‍നേട്ടം 11,406 ആയി. 18426 റണ്‍സുമായി സച്ചിനാണ് ഒന്നാം സ്ഥാനത്ത്.

മാത്രമല്ല മത്സരത്തിനിടെ 26 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡ് കൂടി ഇന്ത്യന്‍ ക്യാപ്റ്റന്‍ മറികടന്നു. വെസ്റ്റിന്‍ഡീസിനെതിരേ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന മുന്‍ പാക് താരം ജാവേദ് മിയാന്‍ദാദിന്റെ റെക്കോഡാണ് കോലി സ്വന്തം പേരിലാക്കിയത്. 

26 വര്‍ഷത്തിനു ശേഷമാണ് മിയാന്‍ദാദിന്റെ ഈ റെക്കോഡ് തകര്‍ക്കപ്പെടുന്നത്. വിന്‍ഡീസിനെതിരേ 64 മത്സരങ്ങളില്‍ നിന്ന് 1930 റണ്‍സായിരുന്നു മിയാന്‍ദാദിന്റെ സമ്പാദ്യം. കോലി ഈ നേട്ടം വെറും 34 മത്സരങ്ങള്‍ കൊണ്ട് മറികടന്നു. വിന്‍ഡീസിനെതിരേ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ 19 റണ്‍സെടുത്തതോടെയാണ് കോലിക്ക് ഈ റെക്കോഡ് സ്വന്തമായത്.

വിന്‍ഡീസിനെതിരേ 47 മത്സരങ്ങളില്‍ നിന്ന് 1708 റണ്‍സെടുത്ത ഓസീസ് താരം മാര്‍ക്ക് വോയാണ് ഈ പട്ടികയില്‍ മൂന്നാമതുള്ളത്. 40 മത്സരങ്ങളില്‍ നിന്ന് 1666 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസ് നാലാമതും 53 മത്സരങ്ങളില്‍ നിന്ന് 1624 റണ്‍സെടുത്ത റമീസ് റാജ അഞ്ചാമതുമുണ്ട്.

വിന്‍ഡീസിനെതിരേ 34 മത്സരങ്ങളില്‍ നിന്നായി ഏഴു സെഞ്ചുറികളും 11 അര്‍ധ സെഞ്ചുറികളും കോലി സ്വന്തമാക്കിയിട്ടുണ്ട്. വിന്‍ഡീസിനെതിരേ ഒരു സെഞ്ചുറിയും 12 അര്‍ധ സെഞ്ചുറികളുമാണ് മിയാന്‍ദാദിന്റെ പേരിലുള്ളത്.

അതേസമയം ഞായറാഴ്ച അര്‍ധ സെഞ്ചുറി തികച്ചതോടെ വിന്‍ഡീസിനെതിരേ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന സച്ചിന്റെയും ഗാംഗുലിയുടെയും റെക്കോഡും കോലി സ്വന്തമാക്കി.

Content Highlights: Virat Kohli surpasses Sourav Ganguly to become second-highest run-getter for India