ഹൈദരാബാദ്: ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ക്ക് ഈ സീസണിലെ ഐ.പി.എല്ലില്‍ വിശ്രമം അനുവദിക്കണമെന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ നിര്‍ദേശത്തെ എതിര്‍ത്ത് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനം വിലയിരുത്താന്‍ ബി.സി.സി.ഐ ഭരണസമിതി ഹൈദരാബാദില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് രണ്ട് അഭിപ്രായമുണ്ടായത്. 

പ്രധാന ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ലോകകപ്പിലെ ഇന്ത്യയുടെ നിര്‍ണായക സാന്നിധ്യമാണെന്നും അതിനാല്‍ തന്നെ അവര്‍ ഐ.പി.എല്ലില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമാണ് കോലി ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത വര്‍ഷം മേയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. അതേസമയം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പിന് ഏപ്രില്‍ ആദ്യ വാരമാണ് തുടക്കമാകുക. മേയ് മൂന്നാമത്തെ ആഴ്ച വരെ ഐ.പി.എല്‍ നീണ്ടു നില്‍ക്കും. അങ്ങനെയെങ്കില്‍ ഐ.പി.എല്ലിനു തൊട്ടുപിന്നാലെയാണ് ലോകകപ്പ് തുടങ്ങുക. ഈ സാഹചര്യത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് മതിയായ വിശ്രമം ഉറപ്പാക്കാനും പരിക്കേല്‍ക്കാതിരിക്കാനുമാണ് കോലി ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. 

തുടര്‍ന്ന് കോലിയുടെ ഈ നിര്‍ദേശം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ മുന്നില്‍ വെയ്ക്കുകയായിരുന്നു. ഇടക്കാല ഭരണസമിതി ചെയര്‍മാനായ വിനോദ് റായിയാണ് രോഹിതിനോട് അഭിപ്രായം ചോദിച്ചത്. എന്നാല്‍ കോലിയുടെ നിര്‍ദേശത്തെ എതിര്‍ത്താണ് രോഹിത് ശര്‍മ്മ സംസാരിച്ചത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാണ് രോഹിത്. ബുംറ മുംബൈയ്ക്ക്് വേണ്ടിയാണ് ഐപിഎല്ലില്‍ കളിക്കുന്നതും. ഇതാണ് രോഹിതിന്റെ എതിര്‍പ്പിന് കാരണം. 

Read More: ഇന്ത്യന്‍ ബൗളര്‍മാര്‍ ഇത്തവണ ഐ.പി.എല്‍ കളിക്കേണ്ടെന്ന് കോലി; ബാറ്റ്സ്മാന്‍മാര്‍ക്കാകാം

മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലോ ഫൈനലിലോ കടക്കുകയും ബുംറ കളിക്കാന്‍ തയ്യാറാകുകയും ചെയ്താല്‍ ബുംറയ്ക്ക് വിശ്രമം അനുവദിക്കാന്‍ താന്‍ തയ്യാറാകില്ലെന്നായിരുന്നു രോഹിതിന്റെ പ്രതികരണം. ഐ.പി.എല്ലില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ രണ്ട് മാസത്തോളം താരങ്ങള്‍ കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന അവസ്ഥ വരുമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു വന്നതായാണ് റിപ്പോര്‍ട്ട്. ഇടക്കാല ഭരണസമിതി അംഗങ്ങള്‍, ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദ്, പരിശീലകന്‍ രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, അജിങ്ക്യ രഹാനെ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

Content Highlights: Virat Kohli suggests resting Jasprit Bumrah IPL Rohit Sharma disagrees