കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ടീം ഇന്ത്യയ്ക്ക് നിര്‍ദേശങ്ങളുമായി സൗരവ് ഗാംഗുലി. പ്രധാന ടൂര്‍ണമെന്റുകള്‍ വിജയിക്കുന്നതില്‍ ക്യാപ്റ്റന്‍ വിരാട് കോലി ശ്രദ്ധ ചെലുത്തണമെന്ന് ഗാംഗുലി പറഞ്ഞു.
ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയ ഗാംഗുലി മാധ്യമ പ്രവര്‍ത്തകരെ കാണുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
ടീം ഇന്ത്യയുടെ പ്രകടനത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഗാംഗുലി നല്‍കിയ മറുപടി ഇങ്ങനെ; ''ഇന്ത്യ ഒരു നല്ല ടീമാണ്. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലി ശ്രദ്ധിക്കേണ്ട ഒരു വിഷയമെന്തെന്നാല്‍, നമുക്ക് അവസാനത്തെ ഏഴ് പ്രധാന ടൂര്‍ണമെന്റുകളില്‍ വിജയിക്കാനായിട്ടില്ല എന്നതാണ്. വലിയ ടൂര്‍ണമെന്റുകളില്‍ മികച്ച രീതിയിലാണ് ഇന്ത്യ കളിക്കാറ്, സെമിയും ഫൈനലും ഒഴികെ. വിരാടിന് അത് മാറ്റാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അദ്ദേഹം ഒരു ചാമ്പ്യന്‍ കളിക്കാരനാണ്''.
2013-ലാണ് ഇന്ത്യ അവസാനമായി ഒരു ഐ.സി.സി ടൂര്‍ണമെന്റ് വിജയിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു അത്. എം.എസ് ധോനി ക്യാപ്റ്റനായിരിക്കെയാണ് ഇന്ത്യ കിരീടം നേടിയത്. എന്നാല്‍ അതിനു ശേഷം ഐ.സി.സിയുടെ ടൂര്‍ണമെന്റുകളൊന്നും വിജയിക്കാന്‍ ഇന്ത്യയ്ക്കായിട്ടില്ല. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോട് തോറ്റു. ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് സെമിയില്‍ കിവീസിനോടും തോറ്റു. 2014 ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയോട് തോറ്റപ്പോള്‍ 2016 ട്വന്റി 20 ലോകകപ്പ് സെമിയില്‍ തോറ്റു പുറത്താകുകയായിരുന്നു.
നാട്ടുകാരന്‍ കൂടിയായ വിക്കറ്റ് കീപ്പര്‍ വൃദ്ധ്വിമാന്‍ സാഹ വിക്കറ്റ് കീപ്പിങില്‍ മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ബാറ്റിങ്ങിലും മികവ് കാണിക്കേണ്ടതുണ്ടെന്നും ഗാംഗുലി പറഞ്ഞു. വിക്കറ്റ് കീപ്പിങ്ങിലുള്ള സാഹയുടെ കഴിവില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ 100 മത്സരങ്ങളൊക്കെ കളിക്കണമെങ്കില്‍ അദ്ദേഹം ബാറ്റിങ്ങില്‍ കുറേക്കൂടി ശ്രദ്ധിക്കണമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
Content Highlights: Virat Kohli sould focus on winning big tournaments Sourav Ganguly