ജൊഹാനാസ്ബര്‍ഗ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കും. വ്യാഴാഴ്ച രണ്ടാം ടെസ്റ്റ് അവസാനിച്ച ശേഷം താത്കാലിക ക്യാപ്റ്റന്‍ കെ.എല്‍ രാഹുലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

കടുത്ത പുറംവേദന കാരണം ജൊഹാനാസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കോലി കളിച്ചിരുന്നില്ല. മത്സരം ഇന്ത്യ ഏഴു വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തിരുന്നു. 

കോലി സുഖം പ്രാപിച്ചുവെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ നെറ്റ്‌സില്‍ പരിശീലിച്ചുവെന്നും രാഹുല്‍ വ്യക്തമാക്കി. അതേസമയം, രണ്ടാം ടെസ്റ്റിനിടെ പരുക്കേറ്റ മുഹമ്മദ് സിറാജ് മൂന്നാം ടെസ്റ്റില്‍ കളിക്കുന്ന കാര്യം സംശയമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

''സിറാജിനെ നെറ്റ്‌സില്‍ നിരീക്ഷിക്കേണ്ടതായിട്ടുണ്ട്. കാലിലെ പേശികള്‍ക്ക് പരിക്കേറ്റാല്‍ പെട്ടെന്ന് തിരികെയെത്തുക ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ നമുക്ക് ഉമേഷിന്റെയും (ഉമേഷ് യാദവ്) ഇഷാന്തിന്റെയും രൂപത്തില്‍ നല്ല ബെഞ്ച് സ്‌ട്രെങ്ത് ഉണ്ട്. പരമ്പരയ്ക്കായി ഇവിടെ എത്തിയപ്പോള്‍ തന്നെ ഇത്തരം പ്രതിസന്ധികള്‍ പ്രതീക്ഷിച്ചിരുന്നു.'' - രാഹുല്‍ വ്യക്തമാക്കി.

Content Highlights: virat kohli should be fine to play 3rd Test